അധ്യാപകരെ നിശബ്ദരാക്കുന്ന സര്‍ക്കാര്‍ താക്കീത്, മൗനത്തിലുള്ള സംഘടനകള്‍
Kerala Government
അധ്യാപകരെ നിശബ്ദരാക്കുന്ന സര്‍ക്കാര്‍ താക്കീത്, മൗനത്തിലുള്ള സംഘടനകള്‍
പ്രമോദ് പുഴങ്കര
Friday, 11th February 2022, 11:08 am
സ്വന്തം കൂട്ടത്തില്‍ നിന്നുള്ള ജീവനക്കാരനെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ അച്ചടക്കനടപടികള്‍ക്ക് വിധേയനാക്കുമ്പോഴെങ്കിലും മന്ത്രിയുടെ കാര്യാലയത്തില്‍ വിളിച്ചു പറയുന്ന ഏര്‍പ്പാടുകളല്ലാതെ പരസ്യമായി രാഷ്ട്രീയ പ്രതിഷേധം അതിശക്തമായി ഉയര്‍ത്തേണ്ട അധ്യാപക സംഘടനകളും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും ഇനിയും വിഷയം പഠിച്ചു തീര്‍ന്നില്ല എന്നതാണ് രാഷ്ട്രീയദാസ്യത്തിന്റെ അറപ്പിക്കുന്ന കാഴ്ച. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച ഒരു അധ്യാപകനെതിരെ ഇത്തരം നടപടിയെടുക്കുമ്പോള്‍ SFI, AISF തുടങ്ങിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എവിടെയാണ്?

പരീക്ഷയും അതിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ അധ്യാപകനായ ശ്രീ പ്രേമചന്ദ്രനെതിരെ സര്‍ക്കാര്‍ തുടങ്ങിവെച്ച അച്ചടക്കനടപടികള്‍ ജനാധിപത്യവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തെയും തൊഴിലാളികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്നതുമാണ്. എത്രയും വേഗം ഈ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം.

വാസ്തവത്തില്‍ ഒരു അധ്യാപകന്‍ പാഠ്യപദ്ധതിയെക്കുറിച്ചും വിദ്യാര്‍ത്ഥികളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചുമെല്ലാം ഇത്രയും ആത്മാര്‍ത്ഥമായി ചിന്തിപ്പിക്കുന്നു എന്നത് നമ്മെ സന്തോഷിപ്പിക്കേണ്ട കാര്യമാണ്. ഒരുപക്ഷേ അതാവാം സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതും. പഠനപദ്ധതിയുടെ ഉള്ളടക്കവും രീതിശാസ്ത്രവും അതിന്റെ കാലികതയും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളുമെല്ലാം സ്‌കൂള്‍/ കോളേജ് അധ്യാപകരുടെ ആകുലതകളല്ല എന്നാണ് സാമാന്യയാഥാര്‍ത്ഥ്യം. അതില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന അധ്യാപകരുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നല്‍കേണ്ടത്.

അത്തരത്തിലുള്ള ഇടപെടലുകളെ അടിച്ചമര്‍ത്തുന്നത് വിമതശബ്ദങ്ങളെ അതെത്ര ചെറുതാണെങ്കില്‍പ്പോലും സഹിക്കാന്‍ തയ്യാറല്ലാത്ത രാഷ്ട്രീയ-ഭരണ നേതൃത്വത്തെയാണ് വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നത്.

കാരൂരിന്റെ ‘പൊതിച്ചോറ്’ കഥയിലെ അധ്യാപകനില്‍ നിന്നും നാട്ടില്‍ ഏറ്റവും സുരക്ഷിതമായ സാമ്പത്തികനിലയുള്ള ഉയര്‍ന്ന മധ്യവര്‍ഗക്കാരായി അധ്യാപകര്‍(മറ്റ് സര്‍ക്കാര്‍ ജീവനക്കാരും) മാറിയത് ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകളെ നേരിട്ടുകൊണ്ടാണ്. അന്നതിന് ഊര്‍ജം നല്‍കിയ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു. സ്‌കൂള്‍ മാനേജരുടെ പറമ്പിലെ പണികള്‍ വരെ ചെയ്യേണ്ടിവന്നിരുന്ന അധ്യാപകനെ രാഷ്ട്രീയാസ്തിത്വമുള്ള ജോലിക്കാരനാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. അധ്യാപകരെ സംഘടിപ്പിക്കാന്‍ കൊച്ചിയിലും മലബാറിലും നടന്ന പ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

ഇപ്പോള്‍ ഈ കാണുന്ന സാമ്പത്തിക സമൃദ്ധിയുടെ ജീവിതത്തിലേക്ക് അധ്യാപകര്‍ നടന്നുവന്നത് സമരങ്ങളിലൂടെ മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിദ്യാര്‍ത്ഥികളുടെ ഗുണപരമായ വികാസവും കേരളീയ വിദ്യാഭ്യാസമേഖലയില്‍ നിന്നും ഒരു ചര്‍ച്ചാ വിഷയമല്ലാതെ പോയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അധ്യാപക സമൂഹത്തിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെങ്കിലും ഒരു തൊഴില്‍ വിഭാഗം എന്ന നിലയില്‍ വളരെ പുരോഗമനപരമായ സ്വഭാവം മറ്റ് പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും അവര്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന, ആഴ്ചകള്‍ നീണ്ടുനിന്ന പണിമുടക്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ പോയ ഒരാളാണ് അധ്യാപകനായിരുന്ന എന്റെ അച്ഛന്‍. അതത്ര വലിയ സംഭവമോ വിപ്ലവ പ്രവര്‍ത്തനമോ ഒന്നുമായിട്ടല്ല ഇവിടെ പറഞ്ഞത്. അധ്യാപക സംഘടനാ പ്രവര്‍ത്തനം എന്ന് പറയുന്നത് സര്‍ക്കാരിന് താളം പിടിക്കലല്ല എന്നതിന് അത്രയൊന്നും വിദൂരമല്ലാത്തൊരു ഭൂതകാലത്തില്‍ നീണ്ട സമരചരിത്രമുണ്ട് എന്ന് പറയുകയാണ്.

ആന്റണി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു മാസത്തിലേറെ നീണ്ട വലിയ പണിമുടക്കിലും ചെറിയ തോതില്‍ ഇതേ സംഗതികള്‍ ദുര്‍ബലമായി ആവര്‍ത്തിക്കപ്പെട്ടു. അപ്പോഴൊക്കെയും ഇണ്ടാസുകളെ പേടിച്ച് സമരം നിര്‍ത്തുകയോ സര്‍ക്കാരിനോട് മാപ്പ് പറയുകയോ അല്ല സമരസംഘടനകള്‍ ചെയ്തത്.

ജോലി നഷ്ടം വരുമെന്നോ ശമ്പളം വെട്ടിക്കുറക്കുമെന്നോ ഉള്ള സാധ്യതകളല്ലാതെ മറ്റെന്തെങ്കിലും രാഷ്ട്രീയ കാരണങ്ങളുടെയോ വിശാല രാഷ്ട്രീയ പ്രശ്‌നങ്ങളുടെയോ പേരില്‍ സമരരംഗത്തേക്കോ പ്രക്ഷോഭരംഗത്തേക്കോ ഇറങ്ങാന്‍ സാധ്യതയില്ലാത്തവണ്ണം ജീര്‍ണമേദസ്സ് ബാധിച്ചുകഴിഞ്ഞു കേരളത്തിലെ സര്‍വീസ് സംഘടനകള്‍ക്ക്, എന്നത് ക്രൂരമെന്ന് തോന്നിയാലും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സ്വന്തം കൂട്ടത്തില്‍ നിന്നുള്ള ജീവനക്കാരനെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ അച്ചടക്കനടപടികള്‍ക്ക് വിധേയനാക്കുമ്പോഴെങ്കിലും മന്ത്രിയുടെ കാര്യാലയത്തില്‍ വിളിച്ചു പറയുന്ന ഏര്‍പ്പാടുകളല്ലാതെ പരസ്യമായി രാഷ്ട്രീയ പ്രതിഷേധം അതിശക്തമായി ഉയര്‍ത്തേണ്ട അധ്യാപക സംഘടനകളും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും ഇനിയും വിഷയം പഠിച്ചു തീര്‍ന്നില്ല എന്നതാണ് രാഷ്ട്രീയദാസ്യത്തിന്റെ അറപ്പിക്കുന്ന കാഴ്ച.

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച ഒരു അധ്യാപകനെതിരെ ഇത്തരം നടപടിയെടുക്കുമ്പോള്‍ SFI, AISF തുടങ്ങിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എവിടെയാണ്?

സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് ഒരു തെറ്റല്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണെങ്കില്‍, അത്തരം കൊളോണിയല്‍ ബാക്കിയുടെ നിയമങ്ങളിലാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അഭയം തേടുന്നതെങ്കില്‍ കഷ്ടമെന്നേ പറയാനാവൂ. പ്രേമചന്ദ്രനെതിരായ നടപടി പിന്‍വലിക്കപ്പെട്ടേക്കാം, എന്നാല്‍ അതൊരു താക്കീതായാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇനിയാരും മിണ്ടരുത് എന്നാണത്. അത്തരം താക്കീതുകളെയാണ് നാം അതിന്റെ കൊമ്പില്‍ പിടിച്ചുതന്നെ എതിര്‍ക്കേണ്ടത്.

ഒരു വ്യക്തി എന്ന നിലയില്‍ ഒരാളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുമോ എന്നതിനേക്കാളേറെ ജനാധിപത്യ രാഷ്ട്രീയത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താനുള്ള ഇത്തരം രാഷ്ട്രീയ നിലപാടുകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണം.

കുറച്ചുപേര്‍ക്ക് മാത്രമായി ജനാധിപത്യം ലഭിക്കും എന്നതൊരു കല്‍പനാചിത്രം മാത്രമാണ്. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന്, ഭരണകൂട ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയത്തിന് പരിപൂര്‍ണ വിധേയത്വം മാത്രമാണാവശ്യം. അവിടെ വേണ്ടത് വിധേയന്മാരുടെ തൊമ്മിത്തിരുവാതിരകളും കടന്നലുകളുടെ ചിന്താശൂന്യതയും മാത്രമാണ്. വരിതെറ്റാതിരിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട ഒരേയൊരു പണി. എല്ലാവര്‍ക്കും വേണ്ടി ‘ഞങ്ങള്‍ ചിന്തിക്കും’ എന്നാണ്.

വിദ്യാഭ്യാസത്തെക്കുറിച്ച് അധ്യാപകന്‍ സംസാരിച്ചാല്‍ ശിക്ഷയും, സില്‍വര്‍ ലൈനിനെക്കുറിച്ച് അധ്യാപകന്‍ സംസാരിച്ചാല്‍ മലയാളം എം.എക്കാരന്റെ അജ്ഞതയും ആയി മാറുന്നതിന് ഒരേയൊരു യുക്തിയെ ഉള്ളു, എല്ലാതരം എതിരഭിപ്രായങ്ങളോടും പ്രതിഷേധങ്ങളോടുമുള്ള അസ്ഥിയില്‍പ്പിടിച്ച അസഹിഷ്ണുത.

നിശ്ശബ്ദരായിരിക്കൂ, നിങ്ങളുടെ ശബ്ദം എത്ര അരോചകമാണ് എന്നാണ് പറയുന്നത്. പ്രേമചന്ദ്രന് നേരെയുള്ള അച്ചടക്കനടപടി പ്രക്രിയയേക്കാള്‍ അതിനോടുള്ള കനത്ത നിശ്ശബ്ദതയിലൂടെ സംഘടനാ ബോധത്തെയും രാഷ്ട്രീയ ബോധത്തെയും ഏതാണ്ട് പൂര്‍ണമായും പണയം വെച്ച അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തെ ആശങ്കപ്പെടുത്തണം.


Content Highlight: Pramod Puzhankara writes about Kerala government’s disciplinary action against teacher Premachandran

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍