ഉത്തര്‍പ്രദേശിന്റെ വിധി കര്‍ഷകരുടെ കൈകളില്‍; പ്രഖ്യാപനവുമായി രാകേഷ് ടികായത്
2022 U.P Assembly Election
ഉത്തര്‍പ്രദേശിന്റെ വിധി കര്‍ഷകരുടെ കൈകളില്‍; പ്രഖ്യാപനവുമായി രാകേഷ് ടികായത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th January 2022, 5:07 pm

ലഖ്‌നൗ: കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും ജനങ്ങള്‍ ഉത്തര്‍പ്രദേശില്‍ പിന്തുണയ്ക്കുകയെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്.

നിലവില്‍ കര്‍ഷകര്‍ ദുരിതത്തിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഉത്തര്‍പ്രദേശ് തഴയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉത്തര്‍പ്രദേശ് നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയും മധ്യവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ പാകിസ്ഥാന്‍, ജിന്ന തുടങ്ങിയതാണ് ഇവിടുത്തെ പ്രധാന പാര്‍ട്ടിയുടെ വിഷയം. എന്നാല്‍ ഇതൊന്നും വിലപ്പോവാന്‍ വഴിയില്ല,’ രാകേഷ് ടികായത്ത് പറയുന്നു.

We are farmers, not in the business of votes: Rakesh Tikait - Hindustan  Times

അഖിലേഷ് യാദവ് പാകിസ്ഥാന്‍ അനുകൂലിയാണെന്നും ജിന്നയെ ആരാധിക്കുന്നവനാണെന്നുമുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള മറുപടിയെന്നോണമാണ് ടികായത് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാല്‍ ബി.ജെ.പിക്കെതിരെയോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയോ രാഷ്ട്രീയ പ്രചരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ ഞാനൊരു രാഷ്ട്രീയക്കാരനല്ല. ഞാന്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഞാന്‍ ഉന്നയിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നം തന്നെയായിരിക്കും ഞാന്‍ ഇനിയും ഉന്നയിക്കുന്നത്,’ ടികായത്. പറഞ്ഞു.

ടികായത് ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍, ഗോരഖ്പൂരില്‍ യോഗി ജയിക്കണമെന്നും എന്നാല്‍ മാത്രമേ സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, വര്‍ഗീയത മാത്രം കൈമുതലാക്കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

ഹിന്ദു വോട്ടുകള്‍ മുഴുവന്‍ പെട്ടിയിലാക്കാനും വര്‍ഗീയതയ്ക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കാനും ഗോയി അയോധ്യയിലെ മഥുരയിലോ ആവും മത്സരിക്കുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍, യോഗി ഗോരഖ്പൂരില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം.

No saint can be CM': Seer on Yogi Adityanath - The Week

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

അതേസമയം നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതിന്റെ ആശങ്കയിലാണ് നിലവില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത് പോയത്.

എന്നാല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ദ്രുതഗതിയിലാക്കി വിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ബി.ജെ.പി. മകരസംക്രാന്തി ദിവസമായ ജനുവരി 14നായിരുന്നു ക്ഷേത്രത്തിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും യു.പിയില്‍ 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തും നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ക്ഷേത്ര നിര്‍മാണം വിഷയമാക്കിക്കൊണ്ട് ബി.ജെ.പി പ്രചാരണം നടത്തുന്നത് പതിവാണ്.

Content highlight: Farmer Leader Rakesh Tikait says Voters in Uttar Pradesh would favor only those talking about the welfare of farmers