തുടരും സിനിമക്ക് മുമ്പ് അയാളിലൂടെ ഞാന്‍ പ്രകാശ് സാറിന്റെ അസിസ്റ്റന്റാകാന്‍ ശ്രമിച്ചിരുന്നു: ഫര്‍ഹാന്‍ ഫാസില്‍
Malayalam Cinema
തുടരും സിനിമക്ക് മുമ്പ് അയാളിലൂടെ ഞാന്‍ പ്രകാശ് സാറിന്റെ അസിസ്റ്റന്റാകാന്‍ ശ്രമിച്ചിരുന്നു: ഫര്‍ഹാന്‍ ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th July 2025, 10:08 pm

രാജീവ് രവി മലയാളികള്‍ക്ക് സമാമനിച്ച നടന്മാരില്‍ ഒരാളാാണ് ഫര്‍ഹാന്‍ ഫാസില്‍. 2013ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ സിനിമാലോകത്തേക്കെത്തുന്നത്. 11 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും ആറ് സിനിമകളില്‍ മാത്രമാണ് ഫര്‍ഹാന്‍ ഭാഗമായത്. ഈ വര്‍ഷത്തെ ചരിത്രവിജയമായി മാറിയ തുടരും എന്ന ചിത്രത്തിലും ഫര്‍ഹാന്‍ ഭാഗമായിട്ടുണ്ട്.

അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഇടക്ക് ചിന്തിച്ചിരുന്നെന്ന് പറയുകയാണ് ഫര്‍ഹാന്‍ ഫാസില്‍. പരസ്യചിത്രങ്ങളുടെ ഭാഗമാകണമെന്നായിരുന്നു ചിന്തിച്ചതെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. സംവിധാനം ചെയ്യണമെന്നായിരുന്നു പ്ലാനെന്നും അതില്‍ അഭിനയിക്കണമെന്നുള്ള ചിന്തയില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

തുടരും സിനിമക്ക് മുമ്പായിരുന്നു ഈ ചിന്തയെന്നും അന്ന് പ്രകാശ് വര്‍മയുടെ അസിസ്റ്റന്റാകണമെന്നായിരുന്നു പ്ലാനെന്നും ഫര്‍ഹാന്‍ പറയുന്നു. ഫഹദിനോട് ഇക്കാര്യം പങ്കുവെച്ചെന്നും ഭീഷ്മ പര്‍വത്തിന് ശേഷമായിരുന്നു ഈ സംഭവമെന്നും താരം പറഞ്ഞു. ദി നെക്‌സറ്റ് 14 മിനിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫര്‍ഹാന്‍ ഇക്കാര്യം പറഞ്ഞത്.

‘അഭിനയം ഉപേക്ഷിക്കണമെന്നുള്ള ചിന്തയൊന്നും ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇടക്ക് ആക്ടിങ്ങില്‍ നിന്ന് വിട്ടുനിന്നാലോ എന്ന് ആലോചിച്ചു. കോ ഇന്‍സിഡന്‍സായി തോന്നാമെങ്കിലും ഒരു കാര്യം ഇതിനിടയിലുണ്ടായി. ആഡ് ഫിലിംസ് ചെയ്താലോ എന്നൊരു ചിന്ത എനിക്ക് ഉണ്ടായി. അഭിനയമല്ല, ആഡ് ഫിലിം ഡയറക്ഷനായിരുന്നു മനസില്‍.

അങ്ങനെ അതിന് വേണ്ടി ശ്രമം നടത്തി. പ്രകാശ് വര്‍മ സാറിന്റെ അസിസ്റ്റന്റാകാനായിരുന്നു പ്ലാന്‍. ആ സമയത്ത് തുടരും എന്നുള്ള പടത്തിനെക്കുറിച്ചുള്ള വാര്‍ത്തയൊന്നും ഇല്ലായിരുന്നു. ഷാനുവിനോട് ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു. എങ്ങനെയെങ്കിലും പ്രകാശ് സാറിന്റെ അസിസ്റ്റന്റാകണമെന്നുള്ള തീരുമാനം ഷാനുവിനെ അറിയിച്ചു.

ഭീഷ്മ പര്‍വം കഴിഞ്ഞ് കുറച്ച് മാസത്തിന് ശേഷമായിരുന്നു ഈ സംഭവം. ആറ് മാസം വെയ്റ്റ് ചെയ്ത് നോക്കാം, സിനിമയൊന്നും കിട്ടിയില്ലെങ്കില്‍ നേരെ ആഡ് ഫിലിംസ് ചെയ്യാന്‍ പോകാമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാല്‍ ആറ് മാസം തികയുന്നതിന് മുമ്പ് തന്നെ തരുണ്‍ എന്നെ ഈ സിനിമയിലേക്ക് വിളിച്ചു. വന്ന് നോക്കുമ്പോള്‍ പ്രകാശ് വര്‍മ സാറിന്റെ കൂടെയുള്ള ക്യാരക്ടര്‍,’ ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു.

Content Highlight: Farhaan Fasil says he tried to become assistant of Prakash Varma before Thudarum movie