വാപ്പക്ക് അഭിനയിക്കാന്‍ അത്ര താത്പര്യമില്ല, എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ പോയി: ഫര്‍ഹാന്‍ ഫാസില്‍
Entertainment
വാപ്പക്ക് അഭിനയിക്കാന്‍ അത്ര താത്പര്യമില്ല, എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ പോയി: ഫര്‍ഹാന്‍ ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 10:45 am

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് ഫര്‍ഹാന്‍ ഫാസില്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന തുടരും എന്ന ചിത്രത്തില്‍ ഫര്‍ഹാനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സംവിധായകന്‍ ഫാസിലിന്റെ മകന്‍ കൂടിയാണ് ഇദ്ദേഹം.

ഇപ്പോള്‍ പൃഥ്വിരാജിനെ ആദ്യമായി ഓഡിഷന്‍ ചെയ്തത് ഫാസിലാണെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. ഫാസിലാണ് നന്ദനം സിനിമക്ക് മുമ്പേ പൃഥ്വിരാജിനെ ആദ്യമായി ഓഡിഷന്‍ ചെയ്യുന്നതെന്നും ലൂസിഫറില്‍ അദ്ദേഹം അഭിനയിക്കാനുള്ള പ്രധാനകാരണം പൃഥ്വിരാജാണെന്നും ഫര്‍ഹാന്‍ പറഞ്ഞു. നന്ദനത്തിലേക്ക് പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത് ഫാസിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിനെ ഓഡിഷന്‍ ചെയ്തപ്പോള്‍ കഥാപാത്രം അത്ര ചേരാതെ വന്നതിനാലാണ് പിന്നീട് മറ്റ് ആളുകളിലേക്ക് ഫാസില്‍ പോയതെന്നും ഫര്‍ഹാന്‍ പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലേക്ക് അദ്ദേഹം ഫാസിലിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ട എന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും അതുകാരണമാണ് അഭിനയിച്ചതെന്നും ഫര്‍ഹാന്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൂസിഫറില്‍ വാപ്പ അഭിനയിക്കാനുള്ള പ്രധാനകാരണം പൃഥ്വിരാജാണ്. കാരണം നന്ദനത്തിനും മുമ്പ് വാപ്പയാണ് ആദ്യം പൃഥ്വിവിനെ ഒാഡിഷന്‍ ചെയ്യുന്നത്. നന്ദനത്തില്‍ പൃഥ്വിയെ വെച്ച് ചെയ്ത് നോക്കൂ എന്ന് പറഞ്ഞിട്ട്, വാപ്പയാണ് അദ്ദേഹത്തെ രഞ്ജിത്തേട്ടന് സജസ്റ്റ് ചെയ്യുന്നത്. അന്ന് ഓഡിഷന്‍ ചെയ്ത് കഴിഞ്ഞ് വാപ്പക്ക് ആ കഥാപാത്രം ചേരില്ല എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം വേറെ ആളിലേക്ക് പോയത്.

പിന്നീട് പൃഥ്വി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന പടത്തിലേക്ക് വാപ്പയെ വന്ന് വിളിക്കുമ്പോള്‍ പിന്നെയും വാപ്പക്ക് നോ പറയാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് അത് ചെയ്തത്. അത് കഴിഞ്ഞ് പിന്നെ പ്രിയേട്ടനും വിളിച്ചു. അതും നോ പറയാന്‍ കഴിയില്ലായിരുന്നു. വാപ്പക്ക് അഭിനയം ഒട്ടും താത്പര്യമില്ലാത്ത പരിപാടിയാണ്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

Content highlight: Farhan Faasil says that it was Fazil who first auditioned Prithviraj.