ബോക്‌സ് ഓഫീസില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ഭായീ, വാരിസിന്റെ സംവിധായകനുമായി കൈകോര്‍ത്തതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ഫാന്‍സ്
Indian Cinema
ബോക്‌സ് ഓഫീസില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ഭായീ, വാരിസിന്റെ സംവിധായകനുമായി കൈകോര്‍ത്തതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ഫാന്‍സ്
അമര്‍നാഥ് എം.
Wednesday, 1st April 2026, 10:38 pm

ഒരുകാലത്ത് ബോളിവുഡ് അടക്കിഭരിച്ച താരമായിരുന്നു സല്‍മാന്‍ ഖാന്‍. റൊമാന്റിക് ഹീറോയായി കരിയറാരംഭിച്ച സല്‍മാന്‍ ഖാന്‍ പിന്നീട് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയായി മാറുകയായിരുന്നു. ഭായ്ജാന്‍ എന്ന് ആരാധകര്‍ വിശേഷിപ്പിച്ച സല്‍മാന്‍ ഖാന്‍ 2018 വരെ ബോക്‌സ് ഓഫീസില്‍ മുടിചൂടാമന്നനായി തിളങ്ങി.

എന്നാല്‍ കൊവിഡിന് ശേഷം ബോക്‌സ് ഓഫീസില്‍ സല്‍മാന്‍ ഖാന്റെ പതനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 2020 മുതല്‍ ഇങ്ങോട്ട് സല്‍മാന്‍ ഖാന്‍ നായകനായ ഒറ്റചിത്രം പോലും ബോക്‌സ് ഓഫീസില്‍ ഹിറ്റായിട്ടില്ല. ദബാങ് 3 മുതല്‍ സിക്കന്ദര്‍ വരെ പരാജയങ്ങളുടെ നീണ്ടനിരയാണ് സല്‍മാന്‍ നേരിടുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ്.

സല്‍മാന്‍ ഖാന്‍ Photo: Reddit

തെലുങ്ക് സംവിധായകന്‍ വംശി പൈടിപ്പള്ളിയുമായാണ് ബോളിവുഡ് മെഗാസ്റ്റാര്‍ കൈകോര്‍ക്കുന്നത്. തോഴാ, യെവഡു, മഹര്‍ഷി തുടങ്ങിയ സിനിമകളൊരുക്കിയ വംശിയുടെ ഏറ്റവുമൊടുവിലത്തെ ചിത്രമായിരുന്നു വാരിസ്. വിജയ് നായകനായെത്തിയ വാരിസ് ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ നേടിയെങ്കിലും മോശം അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്.

സമീപകാലത്ത് വിജയ്‌യുടേതായി പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രമെന്നാണ് പലരും വാരിസിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ വാരിസിന്റെ സംവിധായകനുമായി സല്‍മാന്‍ ഖാന്‍ കൈകോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് പോലും പ്രതീക്ഷ നഷ്ടമായ അവസ്ഥയാണ്. ബോക്‌സ് ഓഫീസില്‍ സല്‍മാന്‍ ഖാന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് ഇതോടെ പലരും അഭിപ്രായപ്പെടുന്നത്.

സല്‍മാന്‍ ഖാന്‍, വംശി പൈടിപ്പള്ളി Photo: Taran Adarsh/ Facebook

അറ്റ്‌ലീ സംവിധാനം ചെയ്ത ബേബി ജോണിലെ അതിഥിവേഷവും പിന്നാലെ എ.ആര്‍. മുരുകദോസ് ഒരുക്കിയ സിക്കന്ദറും ആരാധകര്‍ പോലും കൈവിട്ട ചിത്രങ്ങളാണ്. ഒട്ടും പ്രതീക്ഷയില്ലാത്ത സൗത്ത് ഇന്ത്യന്‍ സംവിധായകനുമായി സല്‍മാന്‍ ഖാന്‍ എന്തിനാണ് കൈകോര്‍ക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ദില്‍ രാജുവാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും 2027 ഈദിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന മാതൃഭൂമിയാണ് സല്‍മാന്‍ ഖാന്റെ അടുത്ത റിലീസ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യത്തെ പേര് ബാറ്റില്‍ ഓഫ് ഗാല്‍വാന്‍ എന്നായിരുന്നു. പിന്നീടാണ് മാതൃഭൂമിയെന്ന് പേരുമാറ്റിയത്.

Content Highlight: Fans are disappointed after Salman Kahn joining hands with Vamsi Paidipally

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം