സ്റ്റോം ബ്രേക്കറിനെ നിസാരമാക്കുന്ന ഡൂം, സൈഡ് റോളില്‍ നിന്ന് മാറി സ്‌കോര്‍ ചെയ്യാന്‍ സൈക്ലോപ്‌സ്... ട്രെയ്‌ലറിന് പിന്നാലെ വൈറലായി ഫാന്‍ തിയറികള്‍
World Cinema
സ്റ്റോം ബ്രേക്കറിനെ നിസാരമാക്കുന്ന ഡൂം, സൈഡ് റോളില്‍ നിന്ന് മാറി സ്‌കോര്‍ ചെയ്യാന്‍ സൈക്ലോപ്‌സ്... ട്രെയ്‌ലറിന് പിന്നാലെ വൈറലായി ഫാന്‍ തിയറികള്‍
അമര്‍നാഥ് എം.
Tuesday, 21st July 2026, 10:00 pm

എത്രയും വേഗം ഡിസംബര്‍ 18 ആകണേ എന്നാണ് ഇപ്പോള്‍ ഓരോ മാര്‍വല്‍ ആരാധകരും പ്രാര്‍ത്ഥിക്കുന്നത്. എന്‍ഡ് ഗെയിമിന് ശേഷം ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കാന്‍ സാധ്യതയുള്ള അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം മാര്‍വല്‍ പുറത്തുവിട്ടു. ഇതുവരെയുണ്ടായിരുന്ന ഹൈപ്പിനെ നൂറിരട്ടിയാക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്.

ഓരോ പ്രധാന കഥാപാത്രങ്ങളെയും പ്രത്യേകം അവതരിപ്പിച്ച ടീസര്‍ ആവേശം സമ്മാനിച്ചിരുന്നു. വെവ്വേറെയായി കാണിച്ച പല സൂപ്പര്‍ഹീറോകളും ഒന്നിച്ച് ഒറ്റ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുകയാണ്. എല്ലാ സൂപ്പര്‍ഹീറോകളെയും ഒന്നിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന വില്ലന്‍ സൂപ്പര്‍ സ്‌ട്രോങ്ങാണെന്നും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പല തരത്തിലുള്ള ഫാന്‍ തിയറികളും സിനിമാപേജുകളില്‍ വൈറലാണ്.

ഏറ്റവും ശക്തനായ അവഞ്ചറെന്ന് പലരും വിശേഷിപ്പിക്കുന്ന തോര്‍ ഡോക്ടര്‍ ഡൂമുമായി ഏറ്റുമുട്ടുന്നത് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഈ പോരാട്ടത്തില്‍ തോര്‍ പോലും ഡൂമിന് മുന്നില്‍ നിസാരനാകുന്നുണ്ട്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ ക്ലൈമാക്‌സില്‍ താനോസിന്റെ കൈയിലെ ഇന്‍ഫിനിറ്റി സ്റ്റോണുകളെയെല്ലാം മറികടന്ന് അയാളെ കൊല്ലാനെത്തുന്ന തോറിന്റെ ആയുധമായിരുന്നു സ്‌റ്റോം ബ്രേക്കര്‍. എന്നാല്‍ ഇത്രയും ശക്തിയുള്ള ആയുധത്തെ വെറും രണ്ട് വിരല്‍ കൊണ്ട് ഡോക്ടര്‍ ഡൂം തടുത്തുനിര്‍ത്തിയത് പലരെയും അത്ഭുതപ്പെടുത്തി.

ട്രെയ്‌ലറില്‍ പിന്നീട് പലരെയും കോരിത്തരിപ്പിച്ച ഒന്നായിരുന്നു ഷാങ് ചിയും ഗാംബിറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഈയൊരു ഭാഗം കഥയെക്കുറിച്ച് കൂടുതല്‍ സൂചന നല്‍കുന്നുണ്ട്. എക്‌സ് മെന്നിലെ മ്യൂട്ടന്റുകളെയും മാര്‍വലിലെ സൂപ്പര്‍ഹീറോകളെയും തമ്മിലടിപ്പിച്ച് ലോകം സ്വന്തമാക്കാനാണ് ഡൂമിന്റെ പദ്ധതിയെന്നും എന്നാല്‍ ലോക്കിയും തോറും ചേര്‍ന്ന് ഇത് തടഞ്ഞ് നിര്‍ത്തുന്നതാകും കഥയെന്നാണ് ഒരു ഫാന്‍ തിയറി.

എക്‌സ് മെന്‍ ഫ്രാഞ്ചൈസിയില്‍ വലിയ ഫാന്‍ ബേസുള്ള കഥാപാത്രങ്ങളിലൊന്നാണ് സൈക്ലോപ്‌സ്. ആദ്യത്തെ രണ്ട് എക്‌സ് മെന്‍ സിനിമകളിലും നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും പിന്നീട് വോള്‍വറിന്‍ കാരണം സൈഡായി പോകേണ്ടി വന്നയാളാണ് സൈക്ലോപ്‌സ്. ഡൂംസ്‌ഡേയില്‍ സൈക്ലോപ്‌സ് കത്തിക്കയറുമെന്നാണ് പ്രതീക്ഷ.

ട്രെയ്‌ലറില്‍ വെറുമൊരു ഫോട്ടോയില്‍ മാത്രം പ്രത്യക്ഷപ്പെട്ട ലോക്കിയെക്കുറിച്ചാണ് അടുത്ത തിയറി. സാധാരണ അവഞ്ചേഴ്‌സ് ട്രെയ്‌ലറുകളില്‍ കാണിക്കുന്നതുപോലെ നിക്ക് ഫ്യൂരിയെ ഇത്തവണ കാണിച്ചിട്ടില്ലെന്നും എല്ലാവരെയും ഒന്നിച്ച് ചേര്‍ക്കാനുള്ള ചുമതല ഇത്തവണ ലോക്കിക്ക് ആയിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ക്യാപ്റ്റന്‍ അമേരിക്കയുടെ തിരിച്ച് വരവ് പോലും ലോക്കി കാരണമായിരിക്കുമെന്നും തിയറികളുണ്ട്.

ക്യാപ്റ്റന്‍ അമേരിക്കക്കൊപ്പം പെഗ്ഗി കാര്‍ട്ടറും ഇത്തവണ തിരിച്ചെത്തുമെന്നാണ് മറ്റൊരു ഫാന്‍ തിയറി. തോറിന്റെയടുത്ത് നിന്ന് മിയോനിര്‍ ഏറ്റുവാങ്ങുമ്പോള്‍ പിന്നില്‍ കാണുന്നത് പെഗ്ഗിയെയാണെന്ന് ചിലര്‍ അനുമാനിക്കുന്നുണ്ട്. ക്യാപ്റ്റന്റെ എന്‍ട്രി വരെ ട്രെയ്‌ലറില്‍ കാണിച്ച സ്ഥിതിക്ക് കൂടുതല്‍ സര്‍പ്രൈസുകള്‍ ഡൂംസ്‌ഡേയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Content Highlight: Fan theories about Avengers Doomsday

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം