ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല; വധഭീഷണിയുണ്ടായിരുന്നു; ഷാജഹാന്റെ കുടുംബത്തിന് പറയാനുള്ളത്
Kerala News
ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല; വധഭീഷണിയുണ്ടായിരുന്നു; ഷാജഹാന്റെ കുടുംബത്തിന് പറയാനുള്ളത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 8:40 am

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന് പ്രതികളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ബി.ജെ.പി ആണെന്നും കുടുംബം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

‘ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഷാജഹാന്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തര്‍ക്കം തുടങ്ങിയത്. പ്രതികള്‍ ഒരു വര്‍ഷം മുമ്പ് വരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആയിരുന്നു. ഷാജഹാനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ നിന്ന് മാറിനിന്നത്. ഇതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നത്.

രണ്ട് മാസം മുമ്പാണ് കാര്യമായ ഭീഷണിയുണ്ടാകുന്നത്. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് ദിവസം മുമ്പ് നവീന്‍ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി. ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല,’ ഷാജഹാന്റെ ബന്ധു പറഞ്ഞു.

കുറച്ചുകാലമായി പ്രതികള്‍ പാര്‍ട്ടി പരിപാടികള്‍ക്കൊന്നും വരാത്തവരാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബി.ജെ.പിയുടെ ബാനറുമായൊക്കെ ഇവരെത്തിയിരുന്നു. കൃത്യമായ രാഷ്ട്രീയ പിന്തുണയില്ലാതെ കൊലപാതകത്തിനിറങ്ങില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും കുടുംബം പറഞ്ഞു.

അതേസമയം, ഷാജഹാന്‍ വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ഞായറാഴ്ച രാത്രിയാണ് മലമ്പുഴ കുന്നങ്കോട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.30ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടക്ക് പരിസരത്തായിരുന്നു സംഭവം.

സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.