ലഖിംപൂര്‍ ഖേരി കൊലപാതകത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്; ആറ് പേര്‍ അറസ്റ്റില്‍
national news
ലഖിംപൂര്‍ ഖേരി കൊലപാതകത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്; ആറ് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2022, 7:14 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ അയല്‍വാസിയായ ഛോട്ടു, ജുനൈദ്, സുഹൈല്‍, ഹഫീസുള്‍, കരീമുദ്ദീന്‍, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കുട്ടികളെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിനിടെ പ്രതികളിലൊരാളായ ജുനൈദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഏറ്റുമുട്ടലിനിടെയാണ് ജുനൈദിനെ പൊലീസ് സംഘം പിടികൂടിയത്. ഇയാളുടെ കാലിന് ഏറ്റുമുട്ടലിനിടെ വെടിയേറ്റിട്ടുണ്ട്.

അയല്‍വാസിയായ ഛോട്ടുവാണ് പെണ്‍കുട്ടികളെ പ്രതികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് പ്രതികളായ സുഹൈല്‍, ജുനൈദ് എന്നിവരുമായി പെണ്‍കുട്ടികള്‍ സൗഹൃദത്തിലായി. ഇവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ബുധനാഴ്ച ബൈക്കില്‍ കയറിപ്പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കരിമ്പിന്‍തോട്ടത്തിലെത്തിച്ച പെണ്‍കുട്ടികളെ സുഹൈലും, ജുനൈദുമാണ് ബലാത്സംഗം ചെയ്തത്. എന്നാല്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഹഫീസുളളിന്റെ സഹായത്തോടെ ഇവരെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ കരീമുദ്ദീന്‍, ആരിഫ് എന്നിവരെ കൂടി വിളിച്ചുവരുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മക്കള്‍ക്ക് മേല്‍ കുറ്റം അടിച്ചേല്‍പ്പിച്ചതാണെന്നും ഇവര്‍ നിരപരാധികളാണെന്നുമാണ് പ്രതികളുടെ കുടുംബത്തിന്റെ പ്രതികരണം. പ്രതിചേര്‍ക്കപ്പെട്ട തങ്ങളുടെ നാല് മക്കളും ചേര്‍ന്ന് റേഷന്‍ വാങ്ങാന്‍ പോയിരിക്കുകയായിരുന്നുവെന്നും മക്കള്‍ പൊലീസ് പറയുന്ന പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടുമായിരുന്നുവെന്നുമാണ് മാതാപിതാക്കളുടെ വാദം.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികളെയാണ് കഴിഞ്ഞദിവസം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

പോസ്റ്റുമാര്‍ട്ടത്തിന് ശേഷമാണ് കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന സ്ഥിരീകരണമുണ്ടായത്.

Content Highlight: Families of accused says their sons are innocent, girls were raped says postmortem report