ഏറ്റവും ഞെട്ടിച്ച സിനിമ കിലുക്കമാണെന്ന് മണി സാര്‍ പറഞ്ഞു; പ്രിയേട്ടനോട് പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു: ഫഹദ്
Entertainment news
ഏറ്റവും ഞെട്ടിച്ച സിനിമ കിലുക്കമാണെന്ന് മണി സാര്‍ പറഞ്ഞു; പ്രിയേട്ടനോട് പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു: ഫഹദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 1:54 pm

മോഹന്‍ലാല്‍, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിലുക്കം. 1991ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.

കിലുക്കം സിനിമയെ കുറിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്‌നം പറഞ്ഞതിനെ കുറിച്ച് നടന്‍ ഫഹദ് ഫാസില്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കിലുക്കം എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചതെന്ന് മണിരത്‌നം പറയുന്നത് കേട്ടതിനെ കുറിച്ചും ഇതേപ്പറ്റി പ്രിയദര്‍ശനോട് സംസാരിച്ചതിനെ കുറിച്ചുമാണ് പഴയൊരു അഭിമുഖത്തില്‍ ഫഹദ് സംസാരിക്കുന്നത്.

”മണി സാര്‍ ഒരിക്കല്‍ ആരോടോ പറയുന്നത് ഞാന്‍ സൈഡില്‍ നിന്ന് കേട്ടതാണ്. പുള്ളിയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സിനിമ കിലുക്കം ആണെന്ന്.

ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത ഇങ്ങനെയൊരു കഥ ഇത്രയും എന്റര്‍ടെയ്‌നിങ്ങായി എങ്ങനെ ഒരാള്‍ക്ക് പറയാന്‍ പറ്റും, എന്നായിരുന്നു പുള്ളി പറഞ്ഞ കാര്യം.

ഒരു കുട്ടി ഊട്ടിയില്‍ വരുന്നു, ഒരാളെ പരിചയപ്പെടുന്നു, അയാള്‍ക്ക് തിലകന്‍ ചേട്ടനെ അറിയാം, തിലകന്‍ ചേട്ടന്‍ അച്ഛനാണെന്ന് പറയുന്നു, അവിടെ ചെല്ലുമ്പോള്‍ അദ്ദേഹമല്ല അച്ഛന്‍, വേറെ ആരോ ആണ്.

ഇത്രയും ഡ്രമാറ്റിക് ആയ കള്ളത്തരങ്ങള്‍ എങ്ങനെ ചെയ്‌തെടുത്തു എന്ന്.

അങ്ങനെ ഒരിക്കല്‍ ഞാന്‍ സംസാരിക്കുന്നതിനിടയില്‍ ഈ കാര്യം പ്രിയേട്ടനോട് (പ്രിയദര്‍ശന്‍) പറഞ്ഞു. മണി സാര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു, എന്ന് പറഞ്ഞു.

ഇതൊക്കെ അറിയാവുന്ന ആള്‍ക്കാര്‍ക്ക് ഇത് ഭയങ്കര സംഭവമായി തോന്നും, പക്ഷെ ഒന്നും അറിയാത്ത ആളുകള്‍ക്ക് ഇതെല്ലാം എളുപ്പമായിരിക്കും, എന്നായിരുന്നു അന്ന് പ്രിയേട്ടന്‍ പറഞ്ഞ മറുപടി,” ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahadh Faasil talks about Mani Ratnam, Priyadarshan and Kilukkam movie