മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഷമ്മി. മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു സൈക്കോ ഷമ്മി.
ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിലെ അടുക്കള സീനിനെ കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളയായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു.
ഞാന്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷന്മാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ അറപ്പ് തോന്നും. ഞാന്‍ വളരെ അണ്‍കംഫേര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് എനിക്കൊരിക്കലും മനസിലാകില്ലായിരുന്നു.
കുമ്പളങ്ങി നൈറ്റ്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്നൊന്നും എനിക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നില്ല. കാരണം ശ്യാമുമായി വര്‍ക്ക് ചെയ്യുമ്പോള്‍ അതത് ദിവസം ഷൂട്ടില്‍ മാത്രമേ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരുദിവസം ഷൂട്ട് ചെയ്തത് കണ്ടുകഴിഞ്ഞിട്ടാണ് അടുത്ത ദിവസം എങ്ങനെ വേണമെന്ന് പദ്ധതി തയ്യാറാക്കുക.
അങ്ങനെ ശ്യാം ഒരുദിവസം എന്നോട് ആ സീനിനെ പറ്റി പറഞ്ഞു. അതായത്, രണ്ട് സഹോദരിന്മാര്‍ അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്. നിങ്ങള്‍ എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചേദിക്കുന്നത്.
ആ സീന്‍ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി. അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി.
ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റി. അതുകൊണ്ട് അടുത്ത ടേക്കില്‍ എനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി.
ഇങ്ങനെ ചില രംഗങ്ങളിലെയും മൈന്യൂട്ട് ഡീറ്റെയ്ലിങ് ചിലപ്പോള്‍ നമ്മള്‍ പോലും വിചാരിക്കാതെ വന്നുവീഴുന്നതാണ്. അല്ലാതെ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല. ചിലപ്പോള്‍ സെറ്റിലെ ആരെങ്കിലും ഒരാളുടെ തലയിലാണ് ഇത്തരം ആശയം ഉദിക്കുക. അവരത് പറയുമ്പോള്‍ നമുക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യാനാകും,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahadh Faasil Talks About Kumbalangi Nights Kitchen Scene