അദ്ദേഹം നല്ലൊരു നടനാണെന്ന് ഞാന്‍ ചെറുപ്പത്തിലേ മനസിലാക്കി; ഞങ്ങള്‍ കൗതുകത്തോടെ അഭിനയം കണ്ട് ഇരുന്നു: ഫഹദ് ഫാസില്‍
Entertainment
അദ്ദേഹം നല്ലൊരു നടനാണെന്ന് ഞാന്‍ ചെറുപ്പത്തിലേ മനസിലാക്കി; ഞങ്ങള്‍ കൗതുകത്തോടെ അഭിനയം കണ്ട് ഇരുന്നു: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 9:01 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. കയ്യെത്തും ദൂരത്ത് (2002) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്.

എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യ സിനിമയിലൂടെ തന്നെ ഫഹദ് ഒരുപാട് വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നീട് പ്രേക്ഷകര്‍ കണ്ടത് അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. ഇന്ന് മലയാളത്തെ പോലെ തന്നെ അന്യഭാഷയിലും തിരക്കുള്ള നടനാണ് ഫഹദ്. സംവിധായകന്‍ ഫാസിലിന്റെ മകന്‍ കൂടിയാണ് അദ്ദേഹം.

മുമ്പ് നടന്‍ നെടുമുടി വേണു ഒരു അഭിമുഖത്തില്‍ ഫാസില്‍ മികച്ച അഭിനേതാവാണെന്നും കോളേജ് കാലഘട്ടത്തില്‍ ഒരുമിച്ച് നാടകത്തില്‍ അഭിനയിക്കുമ്പോള്‍ മികച്ച നടനുള്ള സമ്മാനം ലഭിച്ചിരുന്നത് മിക്കപ്പോഴും ഫാസിലിനായിരുന്നുവെന്നും പറഞ്ഞിരുന്നു.

തന്റെ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അഭിനേതാക്കള്‍ക്ക് ഓരോ സീനും അഭിനയിച്ച് കാണിച്ചു കൊടുക്കുന്ന ആള്‍ കൂടിയാണ് ഫാസില്‍. ബാപ്പയുടെ അഭിനയത്തോടുള്ള ഈ പാഷന്‍ പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഫഹദ് ഫാസില്‍.

‘അഭിനയത്തില്‍ ബാപ്പ അങ്ങനെ പ്രചോദനമായി മാറിയിട്ടൊന്നുമില്ല. എന്നാല്‍ ബാപ്പ നല്ലൊരു അഭിനേതാവാണെന്ന് ഞാന്‍ ചെറുപ്പത്തിലെ മനസിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുമ്പോള്‍ ബാപ്പ പല കഥകളും പറയും.

പലപ്പോഴും ആ കഥയിലെ കാര്യങ്ങള്‍ ബാപ്പ അഭിനയിച്ച് കാണിക്കുമായിരുന്നു. ഞാനടക്കം എല്ലാവരും കൗതുകത്തോടെ ആ അഭിനയവും കഥയും കേട്ടിരിക്കുമായിരുന്നു. ലൂസിഫര്‍ സിനിമയുടെ സമയത്ത് ഷൂട്ട് കഴിഞ്ഞപ്പോള്‍ പൃഥി എന്നെ വിളിച്ചിരുന്നു.

അങ്ങനെ എറണാകുളത്ത് ചെന്ന് ഞാന്‍ ബാപ്പ അഭിനയിച്ച ഭാഗം കണ്ടു. ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണെന്ന് അത് കണ്ടപ്പോഴും എനിക്ക് തോന്നി എന്നതാണ് സത്യം,’ ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahadh Faasil Talks About Director Faasil