തോൽവിയിൽ നിന്നും വിജയത്തിൻ്റെ പടി കയറിയ നടനാണ് ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിൻ്റെ മകനാണ് അദ്ദേഹം. ആദ്യചിത്രം കൈയെത്തും ദൂരത്തിലൂടെ പ്രേക്ഷകർക്കിടയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. മമ്മൂട്ടി ഗസ്റ്റ് റോളിൽ വന്നിരുന്നെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
പിന്നീട് പഠനത്തിനായി വിദേശത്തേക്ക് പോയ ഫഹദ് തിരിച്ചുവന്നത് കേരള കഫേ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലെയ്സ്, അന്നയും റസൂലും എന്നീ സിനിമകൾ വന്നതോടെ ഫഹദിൻ്റെ കരിയർ തന്നെ മാറി. പിന്നീട് നിരവധി വിജയപരാജയചിത്രങ്ങളുടെ ഭാഗമാകാൻ ഫഹദിന് സാധിച്ചു. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ.
ചാപ്പാ കുരിശിന് ശേഷമാണ് താൻ സിനിമയെ സീരിയസ് ആയി കാണാൻ തുടങ്ങിയതെന്നും അതിനുശേഷം താൻ ഇവിടെ കണ്ട മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്നും നടൻ പറഞ്ഞു. തമിഴിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് മലയാള സിനിമയുടെ മഹത്വം തിരിച്ചറിഞ്ഞതെന്നും മലയാള സിനിമാലോകത്തെ ചെറിയ ചലനങ്ങൾ പോലും അവർ അറിയുന്നുണ്ടെന്നും ഫഹദ് പറയുന്നു.
‘ചാപ്പാകുരിശിന് ശേഷമാണ് ഞാൻ സിനിമയെ സീരിയസായി സമീപിക്കാൻ തുടങ്ങിയത്. അതിനുശേഷം ഞാൻ ഇവിടെ കണ്ട മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. അഞ്ച് വർഷത്തിനുശേഷം ഇതിലും വലിയ മാറ്റം കാണാം. തമിഴിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് നമ്മുടെ സിനിമകളുടെ മഹത്വം അറിഞ്ഞത്. നമ്മുടെ സിനിമാലോകത്തെ ചെറിയ ചലനങ്ങൾ പോലും അവർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് സത്യം,’ ഫഹദ് പറയുന്നു.
Content Highlight: Fahad Fasil Talking About Chappa Kurishu Movie