എഡിറ്റര്‍
എഡിറ്റര്‍
‘പാര്‍വ്വതിയോ? അവളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’ ; പാര്‍വ്വതിയിലെ നടിയെക്കുറിച്ച് ഫഹദ് ഫാസിലിനു പറയാനുള്ളത്
എഡിറ്റര്‍
Sunday 2nd April 2017 3:58pm

‘പാര്‍വ്വതിയോ? അവളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.’ വാക്കുകള്‍ ഫഹദ് ഫാസിലിന്റേതാണ്. മാര്‍ച്ച് 24 ന് ഇറങ്ങി മികച്ച പ്രതികരണവുമായി മുന്നേറുന്ന ടേക്ക് ഓഫിലെ പാര്‍വ്വതിയുടെ അഭിനയ മികവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫഹദ്. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ടേക്ക് ഓഫ് അനുഭവങ്ങള്‍ പങ്കുവച്ചത്.

സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചിത്രത്തെയും കഥാപാത്രങ്ങളെയും പുകഴ്ത്തി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇവരുടെയെല്ലാം അഭിനന്ദനം പകര്‍ന്ന ഊര്‍ജം വലുതാണെന്നും ഫഹദ് ഫാസില്‍ പറയുന്നു. ഇനി ഇതുപോലെ ഒരു ചിത്രം തന്റെ ജീവിതത്തിലുണ്ടാകില്ലെന്നും ഫഹദ് പറഞ്ഞു. സ്റ്റാര്‍ കാസ്റ്റിങിലെ പുതുമയാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. എല്ലാവരും അവരുടെ കഥാപാത്രങ്ങളെ അസാധാരണമാക്കി കളഞ്ഞു. പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും ഫഹദ് പറയുന്നു.

‘ഇത്തരം സിനിമകള്‍ ചെയ്യാന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒരിക്കലും നടക്കില്ല. അതുകൊണ്ട് എന്നെ തേടിയെത്തിയ പ്രോജക്ട് എനിക്ക് വിട്ട് കളയാന്‍ തോന്നിയില്ലെന്നതാണ് വാസ്തവം. മറ്റൊന്നുമല്ല, ഇറാഖ് പശ്ചാത്തലത്തില്‍ തിക്രിത്തില്‍ പെട്ടുപോയ മലയാളികളായ 19 സ്ത്രീകള്‍ക്കുണ്ടായ ദുരനുഭവവും പ്രശ്‌നങ്ങളുമാണ് ചിത്രം. ആ മാനുഷിക പരിഗണനയും അവരുടെ കഷ്ടപ്പാടും സിനിമ എന്ന മീഡിയയിലൂടെ ലോകം അറിയണമെന്ന് എനിക്ക് തോന്നി.’ ഫഹദ് പറയുന്നു.

അവതരണത്തില്‍ വളരെയധികം പരമിതികളുള്ള കഥാപാത്രമായിരുന്നു താന്‍ അവതരിപ്പിച്ച കഥാപാത്രം. മനോജ് എന്ന ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലേക്കാണ് തന്നെ ക്ഷണിക്കുന്നത്. ഒരു മുറിയ്ക്കകത്തിരുന്നാണ് അയാള്‍ ആ വലിയ പ്രശ്‌നത്തെ നേരിടുന്നത്. കഥാപാത്രത്തിന്റെ ഭൂരിഭാഗം സംഭാഷണവും ഫോണിലൂടെയായിരുന്നു. മറുവശത്തുള്ള സംഭാഷണത്തിന്റെ റിയാക്ഷനറിയാതെയാണ് തുടക്കത്തില്‍ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഫഹദ് വ്യക്തമാക്കുന്നു.


Also Read: മലപ്പുറത്തെ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരുമെന്ന് കെ. സുരേന്ദ്രന്‍; വാര്‍ത്തയായപ്പോള്‍ പരാതിയുമായി രംഗത്ത്


ഏറെ രസകരവും ഡെപ്തുള്ള ഒരു കഥാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്റേത്. ചെറുതാണെങ്കിലും ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു മെച്യൂരിറ്റി തോന്നിയെന്നും താരം അഭിപ്രായപ്പെടുന്നു. ബാലതാരമായ എറിക് കഥാപാത്രത്തിന്റെ ആഴം അറിഞ്ഞുകൊണ്ടാണ് അഭിനയിച്ചതെന്നും ഫഹദ് പറയുന്നു. പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ല. കഥാപാത്രത്തിലേക്കുള്ള ആ കഥാകാരിയുടെ ഇറങ്ങി ചെല്ലല്‍ വേഷത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കുന്നുവെന്നും ഫഹദ് അഭിപ്രായപ്പെടുന്നു.

മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങിയപ്പോള്‍ ബാപ്പയുടെ പ്രിയപ്പെട്ട ചിത്രം അതായിരുന്നുവെന്നും. ടേക്ക് ഓഫ് വന്നപ്പോള്‍ ആ ഇഷ്ടം അതിലേക്ക് മാറിയെന്നും ഫഹദ് പറയുന്നു. ഫിലിം മേക്ക്‌ഴ്‌സിന് ഈ ചിത്രത്തിന്റെ പ്രയത്‌നം പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും. ഫഹദ് കൂട്ടിച്ചേര്‍ക്കുന്നു.

Advertisement