എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്തെ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരുമെന്ന് കെ. സുരേന്ദ്രന്‍; വാര്‍ത്തയായപ്പോള്‍ പരാതിയുമായി രംഗത്ത്
എഡിറ്റര്‍
Sunday 2nd April 2017 1:36pm

മലപ്പുറം: മലപ്പുറത്തെ വോട്ടിങ് യന്ത്രത്തില്‍ ഏതു ബട്ടണ്‍ അമര്‍ത്തിയാലും താമര വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോമാലി സഖ്യത്തിന് ജാഗ്രതാ മുന്നറിയിപ്പും സുരേന്ദ്രന്‍ നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”മലപ്പുറത്തെ വോട്ടിംഗ് യന്ത്രത്തില്‍ ഏതു ബട്ടന്‍ അമര്‍ത്തിയാലും താമര വരും. കോമാലീ സഖ്യം ജാഗ്രതൈ!”- ഇതായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ ഡക്‌സിനെതിരെ പരാതിയുമായി സുരേന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു. പ്രസ്തുത വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇരിക്കുന്നവര്‍ മൊത്തം മണ്ടന്മാരാണോയെന്നും വിവരമുള്ള ആരും അവിടെ ഇല്ലേയെന്നുമായിരുന്നു സുരേന്ദ്രന്റെ ചോദ്യം.

എന്നാല്‍ മധ്യപ്രദേശിലെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിടുകയും സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റുകയും ചെയ്ത നടപടിക്ക് പിന്നാലെ ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ കെ. സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ അത് എങ്ങനെ വാര്‍ത്തയാക്കാതിരിക്കുമെന്നാണ് ചിലരുടെ ചോദ്യം.

ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് വീഴുമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ അത് വാര്‍ത്തയാക്കിയവര്‍ക്കെതിരെ പരാതിയുമായി എത്തുന്നത് എന്ത് ന്യായത്തിന്റെ പേരിലാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. സുരേന്ദ്രന്റെ ഈ വാക്കുകള്‍ക്കെതിരെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി ജയിക്കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് ക്രമക്കേട് ഉദ്ദേശിച്ച് തന്നെ സുരേന്ദ്രന്‍ പറഞ്ഞതെന്നാണ് എതിരാളികള്‍ പറയുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് യോജിച്ചതല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വോട്ട് ചെയ്തത് ആര്‍ക്കെന്നറിയാന്‍ കഴിയുന്ന വി വി പാറ്റ് സംവിധാനം ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനക്കിടെയായിരുന്നു വലിയ അട്ടിമറി കണ്ടെത്തിയത്.

ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഏത് ബട്ടണ്‍ അമര്‍ത്തുമ്പോഴും വോട്ട് ലഭിക്കുന്നത് ബി.ജെ.പിക്ക് തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Advertisement