ആ സംഭവത്തില്‍ നിന്നാണ് ഇന്ത്യന്‍ പ്രണയകഥയിലെ ഓട്ടം ഉണ്ടാകുന്നത്: ഫഹദ് ഫാസില്‍
Entertainment
ആ സംഭവത്തില്‍ നിന്നാണ് ഇന്ത്യന്‍ പ്രണയകഥയിലെ ഓട്ടം ഉണ്ടാകുന്നത്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 12:25 pm

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. ഫഹദ് ഫാസില്‍, അമല പോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ഫഹദ് ഫാസിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്.

ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലെ ഏറെ ആരാധകരുള്ള രംഗമാണ് സമരത്തിനിടക്ക് അയ്മനം സിദ്ധാര്‍ത്ഥന്‍ ഓടുന്നത്. ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. തന്റെ പിതാവും സംവിധായകനുമായ ഫാസിലിന്റെ കോളേജ് കാലത്തെ ഒരു ഓട്ടത്തില്‍ നിന്നാണ് ആ രംഗമെടുത്തതെന്ന് ഫഹദ് പറയുന്നു.

ഇന്ത്യന്‍ പ്രണയകഥയില്‍ ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ഞാനും ഇന്നസെന്റേട്ടനും സമരത്തിന്റെ മുന്‍നിരയില്‍ നടന്നുപോകുകയാണ്. പൊലീസ് ലാത്തി വീശാന്‍ വരുമ്പോള്‍ ഞാന്‍ കീശ പൊത്തി പിടിച്ച് ഓടുന്ന ഒരു ഓട്ടമുണ്ട്. ഏറെ അഭിനന്ദനങ്ങള്‍ കിട്ടിയ സീനാണത്. അതും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല.

രാവിലെ സത്യേട്ടന്‍ (സത്യന്‍ അന്തിക്കാട്) വേണുച്ചേട്ടനോട് ഫഹദ് ഓടുന്ന സീനാണ് ചിത്രീകരിക്കേണ്ടതെന്ന് പറഞ്ഞു. അപ്പോള്‍ വേണുച്ചേട്ടന്‍ പറഞ്ഞു, ‘പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഫാസില്‍ ഓടിയ ഒരു ഓട്ടമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിക്കുന്ന സമയം. അന്ന് ഫാസില്‍ ബസ് കൂലി ഇല്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ല. ഷര്‍ട്ടിന്റെ കീശയിലാണ് ഈ കാശ് സൂക്ഷിക്കുക.

ഞാനും ഫാസിലും ഇ.സി. തോമസുമെല്ലാം കൂടി ഒരു ദിവസം തിരുവനന്തപുരം കാണാന്‍ പോകാന്‍ പദ്ധതിയിട്ടു. ഫാസിലിന് ആദ്യമേ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. അങ്ങനെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ തനിക്ക് മുത്രമൊഴിക്കണമെന്ന് പറഞ്ഞ് ഫാസില്‍ കാര്‍ നിര്‍ത്തിപ്പിച്ചു.

കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ ഫാസിലിനെ കാണാതെ ഇരുന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി നോക്കി. അപ്പോള്‍ നാട്ടിലേക്കുള്ള ബസിന് പിന്നാലെ ഓടുകയാണ്. കാശ് വീഴാതിരിക്കാന്‍ കൈകൊണ്ട് കീശ പൊത്തിപ്പിടിച്ചിട്ടുണ്ട്’ സത്യേട്ടന്‍ എന്നോട് വന്ന് ഈ സംഭവം പറഞ്ഞു. അങ്ങനെയാണ് കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം വന്നത്,’ ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahad Faasil Talks About Oru Indian Pranayakadha Movie