തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അപര്‍ണ ബാലമുരളി, അനുശ്രീ, ലിജോമോള്‍ ജോസ് എന്നിവരാണ് നായികമാരായി എത്തിയത്. ദേശീയ പുരസ്‌കാരങ്ങള്‍ അടക്കമുള്ള നിരവധി അംഗീകാരങ്ങള്‍ മഹേഷിന്റെ പ്രതികാരത്തെ തേടിയെത്തിയിരുന്നു.
മഹേഷിന്റെ പ്രതികാരത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവിന്റെ വേറൊരു വേര്‍ഷനാണ് മഹേഷിന്റെ പ്രതികാരം എന്ന് താന്‍ പറയുമെന്ന് ഫഹദ് ഫാസില്‍ പറയുന്നു. കോപ്പിയടിയോ ഇമിറ്റേഷനോ ഒന്നും അല്ലെന്നും രണ്ടിന്റെയും കഥാതന്തു നോക്കിയാല്‍ സാമ്യതകള്‍ കാണാമെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.
‘പൊന്മുട്ടയിടുന്ന താറാവിന്റെ വേറൊരു വേര്‍ഷനാണ് മഹേഷിന്റെ പ്രതികാരം എന്ന് ഞാന്‍ പറയും. കോപ്പിയടിയോ ഇമിറ്റേഷനോ ഒന്നും അല്ലെങ്കിലും രണ്ടിന്റെയും കഥാതന്തു നോക്കിയാല്‍ സാമ്യതകള്‍ കണ്ടെത്താം. ഞാനും ദിലീഷ് പോത്തനും കൂടി മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
എന്നാല്‍പ്പോലും ഈ സിനിമകള്‍ ചെയ്യുമ്പോള്‍ എന്നെയും ദിലീഷിനെയും സ്വാധീനിച്ച സിനിമകള്‍ ഒന്നായിരിക്കണമെന്നില്ല. നമ്മളെ രണ്ടാളെയും പോലെയായിരിക്കണമെന്നില്ല രാജീവ് രവിയുടെ ചിന്ത. അദ്ദേഹം ഒരു ഇറാനിയന്‍ സിനിമ പോലെയായിരിക്കാം ചിലപ്പോള്‍ മഹേഷിന്റെ പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ ഇത് പെര്‍ഫോം ചെയ്യാന്‍ ആഗ്രഹിക്കുന്നത് കാസര്‍ഗോഡ് ബസ്റ്റാന്‍ഡില്‍ കണ്ട ഒരാളെ വെച്ചിട്ടായിരിക്കും. അതേസമയം ദീലിഷ് ആഗ്രഹിക്കുന്നത് നാടോടിക്കാറ്റ് പോലൊരു സിനിമയുണ്ടാക്കാനായിരിക്കും. ഇങ്ങനെ ചിന്തകള്‍ വ്യത്യാസമുണ്ടായിരിക്കാം. എന്നാല്‍ ഇതെല്ലാംകൂടി ഒരുമിച്ച് ചേര്‍ന്ന് അവസാനം ഒരു പുഴയായി മാറുമ്പോഴാണ് പ്രേക്ഷകന്‍ കാണുന്ന സിനിമ ഉണ്ടാകുന്നത്,’ ഫഹദ് ഫാസില്‍ പറയുന്നു.