അഭിനന്ദന് വോട്ട് രണ്ടാം ഘട്ടത്തില്‍, ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യിപ്പിച്ച് ബി.ജെ.പിയുടെ പ്രചരണം; ആ നുണയും പൊളിഞ്ഞു
Social Tracker
അഭിനന്ദന് വോട്ട് രണ്ടാം ഘട്ടത്തില്‍, ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യിപ്പിച്ച് ബി.ജെ.പിയുടെ പ്രചരണം; ആ നുണയും പൊളിഞ്ഞു
ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 8:42 am

 

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങി എന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജം. ‘ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യുക’ എന്ന ആഹ്വാനം ചെയ്തു ബി.ജെ.പിയുടെ താമര ചിഹ്നമുള്ള ഷാള്‍ അണിഞ്ഞു നില്‍ക്കുന്ന അഭിനന്ദനന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

അഭിനന്ദന്റെ മുഖസാദ്യശ്യമുള്ള മറ്റൊരു വ്യക്തിയുടെ ചിത്രം വെച്ചുകൊണ്ടായിരുന്നു സംഘപരിവാറിന്റെ പ്രചരണം. അഭിനന്ദന്റെ അതേശൈലിയില്‍ മീശ വച്ച ഇയാള്‍ സണ്‍ഗ്ലാസും ധരിച്ച് താമര ചിഹ്നമുളള ഷാളുമായി നില്‍ക്കുന്ന ചിത്രം ഒറ്റ നോട്ടത്തില്‍ അഭിനന്ദന്‍ എന്ന് തോന്നിപ്പിക്കുന്നതാണ്.

സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച് ചിത്രവും കുറിപ്പും നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ സത്യമെന്നോളം ഷെയര്‍ ചെയ്യപ്പെട്ടത്. നമോ ബെസ്റ്റ് പി.എം ഓഫ് ഇന്ത്യ പോലുള്ള സംഘപരിവാര്‍ പേജുകളില്‍ ചിത്രത്തിന് പതിനായിരത്തില്‍ കൂടുതല്‍ ലൈക്കും ഷെയറുമാണ് ലഭിച്ചത്.

എന്നാല്‍ ആ വ്യാജ വാര്‍ത്തയ്ക്ക് അധിക ആയുസുണ്ടായില്ല. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വോട്ടുള്ള അഭിനന്ദന്‍ ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നതില്‍ നിന്ന് തന്നെ പ്രചരണം പൊളിഞ്ഞു.

തുടര്‍ന്ന് വ്യാജ പ്രചരണത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു ജവാന്റെ പേരില്‍ വരെ സംഘപരിവാര്‍ പ്രചരണം നടത്തുകയും വോട്ട് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വൃത്തികെട്ട പണിയെന്നായിരുന്നു ട്വിറ്ററില്‍ ഉയര്‍ന്ന വിമര്‍ശനം.

ഇന്ത്യന്‍ വ്യോമസേനയുടെ 1969 നിയമപ്രകാരം സേനാംഗങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ലെന്നാണ് ചട്ടം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫോട്ടോഷോപ്പിലൂടെയും മറ്റും നിരവധി വ്യാജപ്രചരണങ്ങളും വിദ്വേഷ പ്രചരണങ്ങളുമാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുമ്പ് പാകിസ്താന്റെ എഫ്-16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. മാര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്.