ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ ടീന ജോസ് എന്ന പ്രൊഫൈലില്‍ നിന്നും കൊലവിളി
Kerala
ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ ടീന ജോസ് എന്ന പ്രൊഫൈലില്‍ നിന്നും കൊലവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 3:22 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയതിന് പിന്നാലെ കൊലവിളിയുമായി ഫേസ്ബുക്ക് കമന്റ്. കന്യാസ്ത്രീയും അഭിഭാഷകയുമെന്ന് അവകാശപ്പെടുന്ന ടീന ജോസ് (അഡ്വ. മേരി ട്രീസ പി.ജെ ) എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യാപ്റ്റന്‍ (മുഖ്യമന്ത്രി) നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്‍റ്റന്‍ എല്‍. ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയുടെ വേഷം അണിഞ്ഞുള്ള ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്.

‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,’ എന്നാണ് ടീന ജോസിന്റെ കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് കേരള പൊലീസിന്റെ നടപടി ആവശ്യപ്പെട്ട് സെല്‍റ്റന്‍ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ ലോക്ക് ചെയ്ത പ്രൊഫൈലില്‍ നിന്നാണ് ടീന ജോസ് കമന്റ് ചെയ്തിരിക്കുന്നത്. അഡ്വ. മേരി ട്രീസ പി.ജെ എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് യഥാര്‍ത്ഥ അക്കൗണ്ട് ആണോ എന്ന് വ്യക്തമല്ല.

അതേസമയം, ടീന ജോസിന്റെ ആഹ്വാനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയരുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആണ് പറയുന്നതെന്നോര്‍ക്കണം. ഈ ടീന ജോസ് ഒരു കന്യാസ്ത്രീയാണെന്നാണ് അന്വേഷിച്ചപ്പോള്‍ കാണുന്നത്. പോരാതെ അഡ്വക്കറ്റും ആണത്രെ.

കോണ്‍ഗ്രസിന്റെ അനുഭാവി ആണെന്ന് ‘രാജീവ് ഗാന്ധി’ റഫറന്‍സ് വെച്ചു പറഞ്ഞപ്പോള്‍ തന്നെ മനസിലായി. പക്ഷെ, ഈ വികൃത മനസും വെച്ച് ഇവരൊക്കെ എങ്ങനെ കന്യാസ്ത്രീ ആയി എന്നാണ് സാമൂഹ്യ നിരീക്ഷകനായ ടിറ്റോ ആന്റണി മേച്ചേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തത്.

അതേസമയം, ഈ വധശ്രമത്തിന് ആഹ്വാനം ചെയ്തുള്ള കമന്റിന് പിന്നില്‍ സംഘപരിവാറിന്റെ ഗൂഢാലോചനയുണ്ടോ എന്ന സംശയമുന്നയിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. ഈ അക്കൗണ്ട് യഥാര്‍ത്ഥമാണോ എന്നത് സംബന്ധിച്ച് സംശയമുണ്ടെന്നും അക്കൗണ്ടിന്റെ ആധികാരികത പോലീസ് ഉടന്‍ പരിശോധിക്കണമെന്നും ബിനീഷ് ആവശ്യപ്പെട്ടു.

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വെറും അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഭീകരവാദവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് ഉടനടി നടപടിയെടുക്കണം. ഇത്തരം സൈബര്‍ വിഷങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇത് വെറുമൊരു കമന്റല്ല, ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാനുള്ള പരസ്യമായ ആഹ്വാനമാണ്! ഒരൊറ്റ വിയോജിപ്പിന്റെ പേരില്‍ ഒരാളെ ശാരീരികമായി ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പ്രത്യേകിച്ചും, ‘കന്യാസ്ത്രീയും അഡ്വക്കേറ്റും’ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയ ഒരാള്‍ ഇങ്ങനെയൊരു കമന്റ് ഇടുന്നത് അത്യന്തം ഗൗരവതരമാണ്.

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വെറും അഭിപ്രായ സ്വാതന്ത്ര്യമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഭീകരവാദവുമാണ്.

പോലീസ് ഉടനടി നടപടിയെടുക്കണം. ഇത്തരം സൈബര്‍ വിഷങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. ഇതൊരു യഥാര്‍ത്ഥ അക്കൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മുഖ്യമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള തീവ്രമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്, ഏതെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഒരു സന്യാസിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടാണോ എന്ന സംശയം ബലപ്പെടുത്തുന്നു. അക്കൗണ്ടിന്റെ ആധികാരികത പൊലീസ് ഉടന്‍ പരിശോധിക്കണം’,ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Content Highlight: He should be finished off with a bomb; hate comment from a facebook profile named Tina Jose against the Chief Minister, who is campaigning for the election