ബോയിക്കോട്ട് പത്താന്‍; ഷാരുഖ് ഖാന്‍ ചിത്രത്തിനെതിരെ ഹാഷ്ടാഗുമായി തീവ്രഹിന്ദുത്വ വാദികളുടെ വിദ്വേഷ പ്രചരണം
Entertainment news
ബോയിക്കോട്ട് പത്താന്‍; ഷാരുഖ് ഖാന്‍ ചിത്രത്തിനെതിരെ ഹാഷ്ടാഗുമായി തീവ്രഹിന്ദുത്വ വാദികളുടെ വിദ്വേഷ പ്രചരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th August 2022, 4:21 pm

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഷാരുഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ബോളിവുഡ് സിനിമയെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറ്റാന്‍ 2023 ജനുവരി 25ന് ഷാരൂഖ് ഖാന് സാധിക്കുമെന്നാണ് സിനിമാ ആസ്വാദകര്‍ കണക്കുകൂട്ടുന്നത്.

അടുത്തിടെ ബോളിവുഡില്‍ സ്ഥിരമായി കേള്‍ക്കുന്ന പല്ലവിയാണ് ബോയിക്കോട്ട് എന്നത്. മത വികാരം വൃണപ്പെടുത്തി, ദൈവങ്ങളെ അപമാനിച്ചു, അമ്പലത്തില്‍ ചെരുപ്പിട്ട് കയറി തുടങ്ങി പല കാരണങ്ങളാണ് ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ടാക്കാനുള്ള കാരണങ്ങള്‍.

ഇപ്പോഴിതാ ഷാരുഖ് ചിത്രം പത്താനും ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവും ട്വിറ്ററില്‍ ട്രെന്‍ഡാവുകയാണ്. ‘ഷാരൂഖും, ദീപിക പദുകോണും മുമ്പ് ചെയ്തത് മറക്കരുത് അതുകൊണ്ട് പത്താന്‍ സിനിമ ബഹിഷ്‌കരിക്കണം’ എന്നാണ് ബോയിക്കോട്ട് പത്താന്‍ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ പറയുന്നത്.

നേരത്തെ ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന സമരങ്ങള്‍ക്ക് ദീപിക പദുകോണ്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളും ട്വീറ്റിനൊപ്പം പങ്കുവെക്കുന്നുണ്ട്. ആമിര്‍ഖാന്‍ ചിത്രത്തെ ബോയിക്കോട്ട് ചെയ്ത് സിനിമ പാരാജയപെടുത്താന്‍ കഴിഞ്ഞുവെന്നും അതുപോലെ തന്നെ ഷാരുഖ് ചിത്രത്തെയും ബോയിക്കോട്ട് ചെയ്യണമെന്നുള്ള ആഹ്വാനമാണ് ട്വിറ്ററില്‍ ഉയരുന്നത്.

അതേസമയം വിദ്വേഷ പ്രചരണങ്ങളെ കവച്ചുവെക്കുന്ന തരത്തിലുള്ള ഹാഷ്ടാഗും ട്വിറ്ററില്‍ നിലവില്‍ ട്രെന്റിങ്ങാണ്. പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന ഹാഷ്ടാഗാണ് ബോയിക്കോട്ട് പത്താന്‍ ഹാഷ്ടാഗിന് എതിരായി ട്രെന്‍ഡ് ആയിരിക്കുന്നത്.

നിലവില്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡ് ആയിരിക്കുന്നത് പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന ഹാഷ്ടാഗാണ്. ചിത്രം ആദ്യ ദിനം തന്നെ കാണുമെന്നും ഒരു തരത്തിലുള്ള വിദ്വേഷവും ചിത്രത്തെ ബാധിക്കില്ല എന്നുമാണ് നിരവധി പേര്‍ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നത്.


ഇന്ത്യന്‍ സിനിമയെ നശിപ്പിക്കുന്ന ഇത്തരം ഹാഷ്ടാഗില്‍ നിന്നും പിന്തിരിയണമെന്നുള്ള ആഹ്വാനവും ശക്തമായി തന്നെ പ്രചരിക്കുന്നുണ്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുക.

ദീപികയെ കൂടാതെ ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഷൂട്ട് ചെയ്ത ചിത്രം ഒരുങ്ങുന്നത് വമ്പന്‍ ബഡ്ജറ്റിലാണ്. ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പത്താന്‍ കൂടാതെ നിരവധി ചിത്രങ്ങള്‍ ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനും ആരാധകര്‍ കാത്തിരിക്കുന്ന ഷാരുഖ് ചിത്രമാണ്. ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാവും ജവാന്‍. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യാന്‍ ഏറെ സന്തോഷമുണ്ടെന്ന് അനിരുദ്ധ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ജവാന്‍ 2023 ജൂണ് 2 നാണ് തിയേറ്ററുകളില്‍ എത്തുക.

Content Highlight: Extreme Right wing group targeted to Boycott Sharukh Khan’s Upcoming movie Pathan
the Hashtag against movie is now trendring on twitter