ന്യൂദല്‍ഹി: ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചെന്നും അപമാനിച്ചെന്നുമുള്ള അരുണാചല്‍ പ്രദേശ് സ്വദേശിനിയുടെ ആരോപണത്തില്‍ ചൈനയെ തള്ളി ഇന്ത്യ.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും അവഗണിക്കാന്‍ സാധിക്കാത്തതുമായ ഭാഗമാണെന്ന് ആവര്‍ത്തിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, 24 മണിക്കൂര്‍ വരെ എല്ലാ രാജ്യക്കാര്‍ക്കും വിസ രഹിത ട്രാന്‍സിറ്റ് അനുവദിക്കുന്ന സ്വന്തം നിയമങ്ങളുടെ ലംഘനമാണ് ചൈന നടത്തിയതെന്നും കുറ്റപ്പെടുത്തി.
അരുണാചല്‍ സ്വദേശിനിയായ പ്രേമ വാങ്‌ജോം തോങ്‌ഡോക്കിനെ തടഞ്ഞുവെച്ച ചൈനയുടെ നടപടിയില്‍ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ ആശങ്ക പ്രകടിപ്പിച്ചു. സാധുവായ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നിട്ടും ഇവരെ തടഞ്ഞുവെച്ച ചൈനയുടെ നടപടിയെയും ജെയ്‌സ്വാള്‍ ചോദ്യം ചെയ്തു.
‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും അവഗണിക്കാന്‍ സാധിക്കാത്തതുമായ ഭാഗമാണ്. ഇത് സ്വയം തെളിയിക്കപ്പെട്ട വസ്തുതയുമാണ്. ചൈന എത്ര തന്നെ നിഷേധിക്കാന്‍ ശ്രമിച്ചാലും യാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.
24 മണിക്കൂര്‍ വരെ വിസ രഹിത യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നിട്ടും ചൈന ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.
‘അന്താരാഷ്ട്ര വിമാന യാത്രയെ നിയന്ത്രിക്കുന്ന നിരവധി കണ്‍വെന്‍ഷനുകളുടെ ലംഘനമാണ് അവര്‍ നടത്തിയത്. ഇതിന് ഇപ്പോഴും ഒരു തരത്തിലുള്ള വിശദീകരണവും നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അവരുടെ നടപടികള്‍ വിസ രഹിത യാത്രകള്‍ക്ക് അനുവദിക്കുന്ന സ്വന്തം നയങ്ങളെ പോലും ലംഘിക്കുന്നതാണ്,’ ജെയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ഷാങ്ഹായിലെ പുഡോങ് വിമാനത്താവളത്തിലെ ചൈനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പീഡനം വാങ്‌ജോം തോങ്ഡോക്ക് വിവരിച്ചിരുന്നു. പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലമായി അരുണാചല്‍ പ്രദേശ് എന്ന് രേഖപ്പെടുത്തിയതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.
അവര്‍ തന്നെ പരിഹസിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഷാങ്ഹായിലെയും ബീജിങ്ങിലെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്റെ 18 മണിക്കൂര്‍ നീണ്ട ദുരിതം അവസാനിച്ചതെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ ന്യൂദല്‍ഹിയിലെ ചൈനീസ് എംബസിയിലും ബീജിങ്ങിലെ വിദേശകാര്യ മന്ത്രാലയത്തിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എന്നാല്‍ ഒരു തരത്തിലും യുവതിയെ തടഞ്ഞുവെക്കുകയോ മറ്റേതെങ്കിലും നടപടികള്‍ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞത്.