'അന്തസോടെ പരിഗണിക്കപ്പെടാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്'; ലൈംഗിക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രീം കോടതി
national news
'അന്തസോടെ പരിഗണിക്കപ്പെടാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്'; ലൈംഗിക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 7:34 pm

ന്യൂദല്‍ഹി: ലൈംഗിക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കണമെന്ന് സുപ്രീം കോടതി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കൈമാറിയ പ്രഫോര്‍മ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അന്തസ്സോടെ പരിഗണിക്കപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ലൈംഗിക തൊഴിലാളികളുടെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമായിരിക്കണമെന്നും അവ ഒരു കാരണവശാലും ദുരുപയോഗിക്കപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡന്റിറ്റി തെളിയിക്കാന്‍ നിര്‍ബന്ധിക്കാതെ തന്നെ ലൈംഗികത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാമെന്ന് യു.ഐ.ഡി.എ.ഐ നേരത്തെ സുപ്രീം കോടതിയില്‍ നിര്‍ദ്ദേശിച്ചിരുന്നു.

തിരിച്ചറിയല്‍ രേഖകളില്ലാത്ത ലൈംഗിക തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് ഉറപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് റേഷന്‍ നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. ആധാര്‍ കാര്‍ഡിന് പുറമെ വോട്ടര്‍ ഐ.ഡി കാര്‍ഡ് നല്‍കുന്ന വിഷയവും പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളെ പരാമര്‍ശിക്കുന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെങ്കിലും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍, വനിതാ ലൈംഗിക തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഹരജി സമര്‍പ്പിച്ചത്.

Content Highlight: ‘Everyone has the right to be treated with dignity’; Supreme Court issues Aadhaar card to sex workers