ഫഹദിനൊപ്പം ആ സീന്‍ ചെയ്യുമ്പോള്‍ പോലും എനിക്കൊരു ഭാരം തോന്നിയിട്ടില്ല; സിനിമയില്‍ തുടരാന്‍ കാരണം പോലും ആ സെറ്റാണ്: അന്ന ബെന്‍
Malayalam Cinema
ഫഹദിനൊപ്പം ആ സീന്‍ ചെയ്യുമ്പോള്‍ പോലും എനിക്കൊരു ഭാരം തോന്നിയിട്ടില്ല; സിനിമയില്‍ തുടരാന്‍ കാരണം പോലും ആ സെറ്റാണ്: അന്ന ബെന്‍
ആര്യ.പി
Wednesday, 15th July 2026, 11:29 am

കുമ്പളങ്ങി നൈറ്റ്‌സ് സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് അന്ന ബെന്‍. സിനിമ തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്നും സിനിമയിലെത്തുമെന്ന് ഒരിക്കലും വിചാരിച്ച ആളല്ല താനെന്നും അന്ന ബെന്‍ പറയുന്നു.

കുമ്പളങ്ങിയിലെ അനുഭവം മികച്ചതായതുകൊണ്ട് മാത്രമാണ് അഭിനയം തുടരാന്‍ താന്‍ തീരുമാനിച്ചതെന്നും അന്ന ബെന്‍ പിങ്ക് ലുങ്കി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘വേറെ ഏതെങ്കിലും സിനിമ ആയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ മനസ് മാറിയേനെ. കുമ്പളങ്ങിയിലെ എന്റെ അനുഭവം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും സവിശേഷമായ ഒന്നായിരുന്നു എന്ന് പറയാം. പിന്നെ ആ പ്രായത്തിന്റെ കൂടെയായിരിക്കാം.
കുമ്പളങ്ങിയില്‍ എല്ലാം എനിക്ക് വളരെ ഗ്ലോയിങ് ആയിട്ടാണ് തോന്നിയത്. ക്യാമറ സ്‌പേസിങ് ഉള്‍പ്പെടെ എല്ലാം ഫേവറബിള്‍ ആയിരുന്നു. ഒരു പുതിയ നടി എന്ന നിലയില്‍ അവര്‍ എനിക്ക് നല്‍കിയ ആ സുരക്ഷിതത്വം വലുതായിരുന്നു.

അവര്‍ തന്ന ഫ്രീഡമൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. അവിടെ നിന്നും എനിക്ക് കിട്ടിയ എനര്‍ജി അതിശയിപ്പിക്കുന്നതായിരുന്നു. ഇനിയും സിനിമയില്‍ തുടരണമെന്ന ആഗ്രഹം ഉണ്ടാക്കുന്നതുപോലും കുമ്പളങ്ങിയാണെന്ന് വേണമെങ്കില്‍ പറയാം,’ അന്ന ബെന്‍ പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സിലെ രംഗം PHOTO: Bhavana Studios

ഫഹദിനെപ്പോലുള്ള വലിയ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോള്‍ പേടി തോന്നിയോ എന്ന ചോദ്യത്തിന് അങ്ങനെ തോന്നിയില്ലെന്നായിരുന്നു അന്ന ബെന്നിന്റെ മറുപടി.

‘അങ്ങനെ ഞാന്‍ ആലോച്ചിട്ടേയില്ല. ഏതോ ഒരു ലോകത്തില്‍ നടക്കുകയായിരുന്നു. ഭയങ്കര എക്‌സൈറ്റഡായിരുന്നു. ടെന്‍ഷന്‍ എന്ന സ്‌പേസിലേക്ക് എന്റെ മൈന്‍ഡ് പോയിട്ടില്ല. അതിന് സമയം കിട്ടിയിട്ടില്ലെന്ന് പറയാം. ഞാന്‍ നോക്കുമ്പോള്‍ ഫഹദ് ഗംഭീരമായി ഫെര്‍ഫോം ചെയ്യുന്നു, മധു സി നാരായണനും ശ്യാം പുഷ്‌ക്കരനും ഷെയ്‌നും എല്ലാവരും അവരുടെ ജോലിയിലേക്ക് ഫോക്കസ്ഡ് ആവുന്നു. ഞാന്‍ ഇതെല്ലാം നോക്കി വണ്ടര്‍ അടിച്ചു നില്‍ക്കുകയായിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെ രംഗം PHOTO: Bhavana Studios

എല്ലാവരും എന്നെ അവരുടെ കൂട്ടത്തില്‍ ഒരാളായിട്ടാണ് കണ്ടത്. അവര്‍ എന്നെ അത്രയധികം സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. ഫഹദിനൊപ്പം ആ സീന്‍ ചെയ്യുമ്പോള്‍ പോലും വലിയൊരു ഭാരമായി എനിക്ക് തോന്നിയില്ല. എല്ലാവരും ആ ഒരൊറ്റ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നില്‍ക്കുകയായിരുന്നു. എല്ലാവരും അത്രയധികം തുറന്ന മനസോടെയായിരുന്നു അവിടെ ഇടപെട്ടത്.

ചില സെറ്റില്‍ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മിസ് കമ്യൂണിക്കേഷന്‍ വരുമ്പോള്‍ നമ്മള്‍ കൂടി ഇറിറ്റേറ്റഡാകും. ആക്ടര്‍ എന്ന നിലയില്‍ അത് നമ്മളേയും ബാധിക്കും. വേറെ ബുദ്ധിമുട്ടുകള്‍ ബാക്ക് ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ അതൊക്കെ ചില സമയത്ത് നമുക്ക് പ്രശ്‌നമാകും.

പക്ഷേ കുമ്പളങ്ങിയില്‍ അങ്ങനത്തെ ഒന്നും ഉണ്ടായില്ല. ബാക്ക് സൈഡില്‍ ചിലപ്പോള്‍ ഒത്തിരി ബുദ്ധിമുട്ടുണ്ടാകും. പക്ഷേ ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. ഞാനും ഗ്രേസും മാത്യുവുമൊക്കെ ആ കഥാപാത്രമായി സന്തോഷത്തോടെ നില്‍ക്കുകയായിരുന്നു,’ അന്ന ബെന്‍ പറഞ്ഞു.

Content Highlight: Even while doing that scene with Fahadh, I didn’t feel any burden actress Anna Ben on Kumbalangi Nights

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.