'എനിക്ക് നിന്നോട് അസൂയ തോന്നുന്നു' എന്ന് ആസിഫ് അലി പോലും പറഞ്ഞിട്ടുണ്ട്: സംഗീത് പ്രതാപ്
Malayalam Cinema
'എനിക്ക് നിന്നോട് അസൂയ തോന്നുന്നു' എന്ന് ആസിഫ് അലി പോലും പറഞ്ഞിട്ടുണ്ട്: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 10:43 am

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കട്ടക്ക് നിന്ന നടനായിരുന്നു സംഗീത് പ്രതാപ്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചും ആസിഫ് തന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ചും സംസാരിക്കുകയാണ് സംഗീത്.

‘ഓഫ് സ്‌ക്രീനില്‍ ലാലേന്‍ ആളുകളോട് പെരുമാറുന്ന രീതി ശരിക്കും സ്പര്‍ശിച്ചിട്ടുണ്ട്. എത്ര മനോഹരമായാണ് അദ്ദേഹം അത് ചെയ്യുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായി ആത്മാര്‍ത്ഥതയോടെ ആളുകളെ ചേര്‍ത്ത ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുമോ അത്രയും നല്ലതെന്നാണ് മോഹന്‍ലാല്‍ എന്ന പ്രതിഭയില്‍ നിന്നും പഠിച്ച പാഠം.

ലാലേട്ടനെ കാണണമെന്നുള്ളത് ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഒരു ചെറിയ സീനായിട്ട് പോലും തുടരും സിനിമയിലേക്ക് പോയത്. ആസിഫ് അലി പോലും ഒരിക്കല്‍ ‘എടാ, എനിക്ക് നിന്നോട് അസൂയ തോന്നുന്നു’ എന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും പങ്കിടുകയെന്ന് പറയുന്നത് ഒരുപാട് നടന്മാരുടെ ആഗ്രഹമാണ്. അപ്പോഴാണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിനൊപ്പം നിന്ന്, ചിലപ്പോള്‍ ശകാരിക്കുകയും ഉപദേശിക്കുകയും പോലും ചെയ്യുന്ന ഒരു മുഴുനീള കഥാപാത്രം അഭിനയിക്കുന്നതിനുള്ള അവസരം എനിക്ക് ലഭിക്കുന്നത്,’ സംഗീത് പറയുന്നു.

താന്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ ആദ്യം എല്ലാവരും മോഹന്‍ലാലിന്റെ കൂടെ പിടിച്ചു നില്‍ക്കണമല്ലോയെന്ന് പറഞ്ഞ് തന്നെ പേടിപ്പിച്ചിരുന്നുവെന്നും
പക്ഷെ സെറ്റില്‍ എത്തിയ ശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം മുതല്‍ക്ക് തനിക്കും മോഹന്‍ലാലിനും ഇടയില്‍ ഒരു കണക്ഷന്‍ വന്നുവെന്നും രാവിലെ സെറ്റില്‍ എത്തിയാല്‍ പിന്നെ രാത്രി വരെ അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നുവെന്നും സംഗീത് പറഞ്ഞു.

മോഹന്‍ലാലിനൊപ്പം തന്നെ തുടരും എന്ന ചിത്രത്തിലും സംഗീത് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ സുഹൃത്തായാണ് സംഗീത് വേഷമിട്ടത്. ചിത്രത്തിലെ ക്ലൈമാക്‌സിലെ സംഗീതം പ്രകടനം പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

Content Highlight:  Even Asif Ali said, ‘I’m jealous of you’: Sangeeth Prathap