ബ്രസല്‍സ്: ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മൗനം പുലര്‍ത്തുന്നതായി പാര്‍ലമെന്റിലെ ഇടത് അംഗങ്ങള്‍. പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നതില്‍ ലെയ്ന്‍ പരാജയപ്പെട്ടുവെന്നും ഇടത് എം.പിമാര്‍ പറഞ്ഞു.
ഇന്നലെ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ലെയ്ന, ഇറാന് വേണ്ടി കണ്ണീര്‍ പൊഴിക്കരുതെന്ന് ആവര്‍ത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇടത് അംഗങ്ങളുടെ വിമര്‍ശനം. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ സ്വന്തം രാഷ്ട്രീയഭാവി നിര്‍ണയിക്കാനുള്ള അവകാശമുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
ടെഹ്റാന്‍ മുതല്‍ ബെയ്റൂട്ട് വരെയുള്ള സിവിലിയന്മാരെ ഇസ്രഈലും യു.എസും ചേര്‍ന്ന് കൂട്ടക്കൊല ചെയ്യുന്നതിനെയും പ്രസിഡന്റ് ലെയ്ന്‍ എതിര്‍ക്കുന്നില്ല. ലോകത്ത് സമാധാനം പുലരുന്നതിനായി ക്രിയാത്മക പങ്ക് വഹിക്കേണ്ടവരാണ് ഇത്തരത്തില്‍ മൗനം തുടരുന്നത്. ഇത് യൂറോപ്യന്‍ യൂണിയന്റെ പരാജയമാണെന്നും ഇടത് എം.പിമാര്‍ വിമര്‍ശിച്ചു.
അന്താരാഷ്ട്ര നിയമമനുസരിച്ച്, ഇറാനിലും ലെബനനിലും യു.എസും ഇസ്രഈലും നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
‘സൈനിക ശക്തിയിലൂടെ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് യുദ്ധത്തോട് ഇത്രയധികം താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ യുദ്ധത്തിന് അയക്കൂ….. അല്ലാതെ ഞങ്ങളെയല്ല ആശ്രയിക്കേണ്ടത്. യുദ്ധത്തെയും അതിന്റെ ലാഭം കൊയ്യുന്നവരെയും ഞങ്ങള്‍ക്ക് വേണ്ട’ എന്ന് ഇടത് എം.പിമാര്‍ അടങ്ങുന്ന ഗ്രൂപ്പിന്റെ സഹ-അധ്യക്ഷനായ മനോന്‍ ഓബ്രി പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തെയും നയതന്ത്രത്തെയും ബഹുമാനിച്ചുകൊണ്ട് സംഘര്‍ഷത്തിനുള്ള പരിഹാരം കാണാമെന്നും ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷ സാഹചര്യങ്ങളെ ശക്തിപ്പെടുത്താന്‍ സാധ്യതയുള്ള ഗ്രീക്ക് സൈപ്രിയറ്റിലെ ബ്രിട്ടീഷ് താവളങ്ങള്‍ പൊളിച്ചുമാറ്റണമെന്നും എം.പിമാര്‍ പറഞ്ഞു. ദ്വീപിന്റെ തന്ത്രപരമായ സ്ഥാനം സ്വന്തം നിലനില്‍പ്പിന് വേണ്ടി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഇടത് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഇറാനിലെ സംഘര്‍ഷത്തില്‍ ലാഭം കൊയ്യുന്നത് റഷ്യയാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ക്രമത്തെ യൂണിയന്‍ സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഈ ക്രമത്തെ അമേരിക്ക വെല്ലുവിളിക്കുകയാണെന്നും കോസ്റ്റ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: EU has failed to resolve West Asian conflict: Left MPs