മുഖത്തല്ല, നെഞ്ചില്‍ നോക്കിയാണ് ദല്‍ഹിയിലുള്ളവര്‍ എന്നോട് സംസാരിച്ചത്: എസ്തര്‍ അനില്‍
Malayalam Cinema
മുഖത്തല്ല, നെഞ്ചില്‍ നോക്കിയാണ് ദല്‍ഹിയിലുള്ളവര്‍ എന്നോട് സംസാരിച്ചത്: എസ്തര്‍ അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th October 2025, 9:42 am

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് എസ്തര്‍ അനില്‍. ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേമികളുടെ ശ്രദ്ധ സ്വന്തമാക്കാന്‍ എസ്തറിന് സാധിച്ചു. സിനിമക്കൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്ന എസ്തര്‍ നിലവില്‍ ദൃശ്യം 3യുടെ തിരക്കിലാണ്. പഠനത്തിന് വേണ്ടി ഇടക്ക് സിനിമയില്‍ നിന്ന് എസ്തര്‍ മാറി നിന്നിരുന്നു.

ലണ്ടനില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ എസ്തര്‍ ഇന്ത്യക്കകത്തും പുറത്തുമായി ധാരാളം യാത്രകള്‍ ചെയ്തിട്ടുണ്ട്. തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ഏത് നാട്ടിലും ചെന്ന് ജീവിക്കാനുള്ള ധൈര്യം ലഭിക്കണമെങ്കില്‍ ഇന്ത്യയിലെ എല്ലായിടത്തും യാത്ര ചെയ്താല്‍ മതിയെന്ന് എസ്തര്‍ പറയുന്നു. പിങ്ക് പോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഇന്ത്യയില്‍ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ആകെ പേടിയുണ്ടായിരുന്നത് ദല്‍ഹിയില്‍ പോകാനായിരുന്നു. അവിടെയും ഒരു മാസം ഞാന്‍ ചെലവഴിച്ചു. ‘ഒറ്റക്ക് പോണോ’ എന്ന് എന്റെ വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. ആകെ അവര്‍ ചോദിച്ചത് ദല്‍ഹിയുടെ കാര്യം മാത്രമായിരുന്നു. എന്നിട്ടും അവിടെപ്പോയി താമസിച്ചു.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ദല്‍ഹി മാറി. ഇടക്ക് ചെറുതായി സേഫല്ല എന്ന തോന്നലൊക്കെ ഉണ്ടായിട്ടുണ്ട്. ഓഖ്‌ല എന്ന് പറയുന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചിലയാളുകള്‍ കണ്ണില്‍ നോക്കിയിട്ടല്ല, നെഞ്ചില്‍ നോക്കിയിട്ടായിരുന്നു എന്നോട് സംസാരിച്ചത്. കുറച്ച് കഴിഞ്ഞപ്പോള്‍ അതുമായി പൊരുത്തപ്പെട്ടു. അവര്‍ അങ്ങനെയും ഞാന്‍ എന്റെ രീതിയിലുമായി മുന്നോട്ടുപോയി’ എസ്തര്‍ പറയുന്നു.

ലണ്ടനിലെ യൂണിവേഴ്‌സിറ്റിയിലെ പഠനവും തനിക്ക് പുതിയ അനുഭവം സമ്മാനിച്ചെന്നും താരം പറഞ്ഞു. മലയാളികളായിട്ടുള്ളവരെ വളരെ കുറച്ച് മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും കൂടുതലും വിദേശികളായിരുന്നു തന്റെ സുഹൃത്തുക്കളെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ആ സമയത്ത് നടന്നെന്നും താരം പറയുന്നു.

 

ജയസൂര്യ നായകനായ നല്ലവനിലാണ് എസ്തര്‍ ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ നായകനായ ഒരുനാള്‍ വരും, മല്ലു സിങ് എന്നീ ചിത്രങ്ങളില്‍ എസ്തര്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ദൃശ്യത്തിലൂടെ കേരളത്തിന് പുറത്തും താരം ശ്രദ്ധിക്കപ്പെട്ടു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളില്‍ താരം ഭാഗമായിട്ടുണ്ട്.

 

Content Highlight: Esther Anil shares the living experience in Delhi