മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് എസ്തർ അനിൽ.
മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയ മകൾ അനുവായി എത്തി ശ്രദ്ധ നേടിയ എസ്തർ, ഇപ്പോൾ തൊടുപുഴയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദൃശ്യം സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായ തൊടുപുഴയിൽ നിരവധി തവണ ഷൂട്ടിങ്ങിനായി എത്തിയിട്ടുള്ളതിനാൽ ആ നാടിനോട് തനിക്ക് പ്രത്യേക അടുപ്പമുണ്ടെന്ന് എസ്തർ പറയുന്നു.
എസ്തർ അനിൽ., Photo: Esther Anil/ Facebook
നിരവധി വർഷങ്ങളായി വിവിധ ഭാഷകളിലെ ദൃശ്യം ചിത്രങ്ങളുടെ ഭാഗമായതിനാൽ തൊടുപുഴ തനിക്ക് സ്വന്തം നാടുപോലെയാണ് താരത്തിന്റെ അഭിപ്രായം.
‘തൊടുപുഴയിൽ പോകുക എന്ന് പറയുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അവിടുത്തെ കാലാവസ്ഥയും ദൃശ്യം എന്ന സിനിമയുമായുള്ള ഓർമകളും എല്ലാം ചേർന്ന് ഒരു പ്രത്യേക അനുഭവമാണ് നൽകുന്നത്.
അവിടുത്തെ ആളുകൾക്ക് ഇപ്പോൾ നമ്മളെ നന്നായി അറിയാം. ഞാൻ താമസിച്ചിരുന്ന ഹോട്ടലും ഷൂട്ടിങ് നടന്ന സ്ഥലങ്ങളും എല്ലാം ചേർന്ന് ഒരു വീട്ടിലെത്തിയതുപോലുള്ള അനുഭവമാണ് തൊടുപുഴ നൽകുന്നത്,’ എന്നാണ് എസ്തർ പറഞ്ഞത്.
തൊടുപുഴയുമായി ബന്ധപ്പെട്ട ഓർമകൾ ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നതായും താരം കൂട്ടിച്ചേർത്തു. ‘ആരെങ്കിലും തൊടുപുഴയിലാണെന്ന് പറയുമ്പോൾ തന്നെ നമ്മൾ എത്ര തവണ അവിടെ വന്നിട്ടുണ്ട് എന്ന ഓർമയാണ് ആദ്യം മനസിൽ വരുന്നത്.
എസ്തർ അനിൽ., Photo: YouTube/ Screengrab
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ദൃശ്യം ചിത്രങ്ങളുടെ വിവിധ ഭാഗങ്ങളിൽ അഭിനയിച്ചതുകൊണ്ട് ഒരുപാട് പ്രാവശ്യം അവിടെ പോകാൻ കഴിഞ്ഞിട്ടുണ്ട്,’ എന്നും എസ്തർ പറഞ്ഞു.
2013ൽ പുറത്തിറങ്ങിയ ദൃശ്യം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കി. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വലിയ വിജയമാകുകയും ചെയ്തു.
ദൃശ്യം സീരീസിൽ അനുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തർ അനിൽ, കഥാപാത്രത്തിന്റെ വളർച്ചയ്‌ക്കൊപ്പം തന്റേതായ അഭിനയ മികവും തെളിയിച്ചു.
ദൃശ്യം, Photo: IMDb
ബാലതാരമായി എത്തിയ എസ്തർ ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ്. അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 3യിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.