മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നായികയായി വളർന്ന താരം, ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്.
അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ആയ പാപനാശം എന്ന ചിത്രത്തിലും അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തർ തന്നെയായിരുന്നു.
ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ലണ്ടനിൽ പഠിക്കാൻ ലഭിച്ച അവസരത്തെ കുറിച്ചും അതിനൊപ്പം ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളെ കുറിച്ചുമാണ് താരം മനസ് തുറന്നത്.
എസ്തർ അനിൽ, Photo; Esther Anil/ Facebook
‘ലണ്ടനിൽ അഡ്മിഷൻ കിട്ടിയ ദിവസം ജീവിതത്തിലെ ഏറ്റവും മാജിക്കൽ ഡേ ആയിരിക്കും എന്ന് കരുതിയിരുന്നു. പക്ഷേ അഡ്മിഷൻ ലെറ്റർ വന്നിട്ടും ആദ്യം വീട്ടിൽ പറഞ്ഞില്ല.
ഓരോ മാസവും ഏകദേശം ഒന്നര ലക്ഷം രൂപ ചെലവു വരും. ആ സമയത്ത് അതു താങ്ങാൻ എനിക്ക് കഴിയില്ലെന്ന് തോന്നി,’ എന്നാണ് എസ്തർ പറഞ്ഞത്.
‘ആഗ്രഹിച്ചത് കൈവന്നെങ്കിലും ആ സ്വപ്നം നടക്കില്ലെന്നാണ് ആദ്യം കരുതിയത്. അനിയൻ എറിക് അപ്പോൾ മെൽബണിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.
വളരെ സമ്പന്നമായ കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അതുകൊണ്ട് എന്റെ കാര്യം പതിയെ മറക്കാമെന്ന് വിചാരിച്ചു. പക്ഷേ അപ്പയും അമ്മയും ‘അതൊക്കെ ഞങ്ങൾ നോക്കിക്കോളാം, കിട്ടിയ അവസരം കളയരുത്’ എന്ന് പറഞ്ഞതോടെയാണ് ആത്മവിശ്വാസം വന്നത്. അങ്ങനെ എറിക് മെൽബണിലേക്കും ഞാൻ ലണ്ടനിലേക്കും പോയി,’ എന്നും താരം പറഞ്ഞു.
കൺഫ്യൂഷൻ വരുന്ന സമയങ്ങളിൽ അമ്മയോടാണ് കൂടുതൽ സംസാരിക്കാറെന്നും എസ്തർ പറഞ്ഞു. ‘എന്തെങ്കിലും തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ അമ്മയോടാണ് സംസാരിക്കുക.
നമ്മുടെ മനസിലുള്ളത് തന്നെ അമ്മ പറയാറുണ്ട്. ആത്മവിശ്വാസം കൂട്ടിത്തരുന്നതിൽ അമ്മ ബെസ്റ്റാണ്,’ എന്നാണ് താരത്തിന്റെ വാക്കുകൾ.
അതേസമയം, മോഹൻലാൽ നായകനാകുന്ന ദൃശ്യം 3 ആണ് എസ്തറിന്റെ പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെയും പിന്നീട് എത്തിയ രണ്ടാം ഭാഗത്തിന്റെയും വൻ വിജയത്തിന് പിന്നാലെ എത്തുന്ന മൂന്നാം ഭാഗം, മേയ് 21-ന് മോഹൻലാലിൻറെ ജന്മദിനത്തോടനുബന്ധിച്ച് തിയേറ്ററുകളിലെത്തും.
Content Highlight: Esther Anil says it costs Rs 1.5 lakh every month.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.