ഒരാള്‍ തോക്കുമായെത്തിയെന്ന് സംശയം; നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ച് എസന്‍സ്
Kerala
ഒരാള്‍ തോക്കുമായെത്തിയെന്ന് സംശയം; നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ച് എസന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th October 2025, 12:52 pm

കൊച്ചി: വേദിയിലേക്ക് ഒരാള്‍ തോക്കുമായെത്തിയെന്ന സംശയത്തിൽ നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ച് യുക്തിവാദി സംഘടനയായ എസന്‍സ് ഗ്ലോബല്‍.

കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്‌ലീമ നസ്രിന്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് തടസപ്പെട്ടത്.

രാവിലെ എട്ടരയോടെയാണ് കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ലിറ്റ്മസ് എന്ന പേരില്‍ നിരീശ്വവാദികളുടെ കൂട്ടായ്മ ആരംഭിച്ചത്. സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് ഒരാള്‍ തോക്കുമായി കടന്നുവെന്നാണ് സൂചന.

പിന്നാലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ അയ്യായിരത്തിലധികം വരുന്ന ആളുകള്‍ക്ക് സദസ് വിട്ടിറങ്ങണമെന്നും സഹകരിക്കണമെന്നും നിര്‍ദേശം ലഭിക്കുകയായിരുന്നു.

സംഭവത്തില്‍ ഉദയംപേരൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. സ്റ്റേഡിയത്തിനുള്ളില്‍ പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പരിപാടി നിര്‍ത്തിവെക്കുകയാണെന്നാണ് ആദ്യം അറിയിപ്പ് ലഭിച്ചത്. പിന്നീട് സ്ഥലത്തെത്തിയ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സ്റ്റേഡിയത്തില്‍ നിന്ന് എല്ലാവരോടും പുറത്തേക്ക് പോകാന്‍ അനൗണ്‍സ് ചെയ്തതായും പരിപാടിക്കെത്തിയവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Essence suspends atheist gathering over suspicion that someone came with a gun