പരിസ്ഥിതി ചര്‍ച്ചയും വീരാന്‍കുട്ടിയുടെ പുസ്തകം കത്തിക്കലും; സോഷ്യല്‍ മീഡിയ പോര് മുറുകുന്നു
Kerala News
പരിസ്ഥിതി ചര്‍ച്ചയും വീരാന്‍കുട്ടിയുടെ പുസ്തകം കത്തിക്കലും; സോഷ്യല്‍ മീഡിയ പോര് മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2023, 10:26 am

കോഴിക്കോട്: പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കവിതയെഴുതിയ കവി വീരാന്‍കുട്ടിക്ക് നേരെ വ്യാപക സൈബര്‍ ആക്രമണം.

പരിസ്ഥിതി വാദികളുടെ നിലപാടുകള്‍ക്കെതിരെ എഴുത്തുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ടെഡി സി.എക്‌സിന് കവി വീരാന്‍കുട്ടി കവിതയിലൂടെ മറുപടി നല്‍കിയതിനെത്തുടര്‍ന്നാണ് സൈബര്‍ ആക്രമണം.

‘കാല്‍പ്പനിക പ്രകൃതിവാദികളേ സ്റ്റാന്റ് വിട്ടോളൂ’, എന്ന് തുടങ്ങുന്ന കവിതയില്‍ പ്രകൃതി സംരക്ഷണത്തിനെതിരെ രംഗത്തുവന്നവരുടെ ‘കുറ്റബോധ മുക്തി സേന’ എത്തിപോയതായും പരിഹസിച്ചിരുന്നു.

‘സുഗതകുമാരി ടീച്ചറും പരിഷത്തും ചേര്‍ന്ന് സൈലന്റ് വാലിയുടെ ജീവന്‍ കാത്തത് തെറ്റ്, അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളെ കാടാക്കി മാറ്റിയത് തെറ്റ്, പ്രിയപ്പെട്ട ഗ്രെറ്റ തുംബര്‍ഗ്, കേരളത്തില്‍ ജനിക്കാഞ്ഞത് ഭാഗ്യമെന്നും’, വീരാന്‍കുട്ടി കവിതയില്‍ കുറിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് കവിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമായി ഒരു സംഘം രംഗത്തെത്തിയത്. വീരാന്‍കുട്ടി എഴുതിയ ‘മണ്‍വീറ്’ എന്ന കവിതാസമാഹാരം കത്തിച്ചുകൊണ്ട് പ്രൊഫൈല്‍ പിക്ചറാക്കിയും ചിലര്‍ രംഗത്തെത്തി.

‘വ്യസന സമേതം ഞാന്‍ പിന്‍വാങ്ങുന്നു കേരളത്തിലെ പ്രബലമായ ഒരു സംഘത്തിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടുകളെപ്പറ്റി ഒരഭിപ്രായം പറഞ്ഞതിന് ഒരാളുടെ സമ്മാനമാണ്,’ എന്നാണ് ഇതിനോട് കവി വീരാന്‍കുട്ടി പ്രതികരിച്ചത്.

പുസ്തകത്തിന് തീ കൊടുത്ത് ആഹ്‌ളാദിക്കുന്ന ഈ ചിത്രം ഒരു സൂചനയാണ്. ഞാനത് തിരിച്ചറിയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പിന്‍വലിക്കുന്നു. ഒരു ഫാസിസ്റ്റ് സമൂഹത്തോട് സംവാദം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിവാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ സാന്നിധ്യമാണ് അട്ടപ്പാടി സ്വദേശിയായ ടെഡി സി.എക്‌സ്. പരിസ്ഥിതി വാദത്തിനെതിരെ എതിര്‍വാദങ്ങളും ഡാറ്റാ ക്രോഡീകരണവുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ടെഡി, കുടിയേറ്റ ജനതയുടെ ജീവിതവും പോരാട്ടവും പ്രശ്‌നങ്ങളും നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അടുത്തിടെ തന്റെ വല്യമ്മച്ചിയുടെ മരണം അനുസ്മരിച്ചുള്ള കുറിപ്പില്‍ കുടിയേറ്റ ജനതയുടെ ദുരിതങ്ങള്‍ ടെഡി കുറിച്ചിരുന്നു. ‘ഇല്ലായ്മകളുടെ ഇടനാഴികളില്‍ നിന്ന് നിത്യദുരിതങ്ങളുടെ വിശാലമായ മലഞ്ചെരുവിലേക്ക് കുടിയേറിയ സ്ത്രീകള്‍,’ എന്നാണ് കുടിയേറ്റ ചരിത്രം പരാമര്‍ശിച്ചുള്ള കുറിപ്പില്‍ ടെഡി തന്റെ പൂര്‍വ്വികരെ വിശേഷിപ്പിച്ചത്.

‘അല്ലയോ കാട്ട് സ്‌നേഹി നിങ്ങടെ ആനയും കാട്ടുപന്നിയും എന്തിന് കാട്ടുകിളി പോലും തിന്നുന്നത് അസ്വാതന്ത്ര്യങ്ങളുടെയും അസൗകര്യങ്ങള്‍ക്കുമിടയില്‍ ഞങ്ങടെ പൂര്‍വ്വികരും ഞങ്ങളും നട്ടുനനച്ച് വളര്‍ത്തിയുണ്ടാക്കിയ മരത്തില്‍ നിന്നും ചെടിയില്‍ നിന്നുമാണ്, അത് തിരിച്ചറിഞ്ഞ് ചിന്തിക്കാന്‍ ബാക്കി സമയമുണ്ടാക്കിത്തന്നത് അവരുടെ വിശ്രമരഹിതമായ അധ്വാനമാണ്’, എന്നാണ് പ്രകൃതി സ്‌നേഹികളെ വിമര്‍ശിച്ച് ടെഡി എഴുതിയത്.

‘ഏതോ ന്യായാധിപന്‍മാരുടെ വിധിയില്‍ കയ്യേറ്റക്കാരും പ്രകൃതിനാശകരുമാക്കുകയാണോ’ എന്ന് ചോദിച്ചുള്ള കുറിപ്പില്‍ ‘ഇതിനെയെല്ലാം മറികടക്കുമെന്ന്’ പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വൈറലായതിന് പിന്നാലെ ടെഡിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ടെഡിയുടെ എഴുത്തുകള്‍ തങ്ങളുടെ പരിസ്ഥിതി ബോധത്തില്‍ മാറ്റമുണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടും നിരവധി ആളുകള്‍ ഇയാളെ അഭിനന്ദിച്ച് എത്തിയിരുന്നു. ഇതോടെയാണ് വീരാന്‍കുട്ടി പരിസ്ഥിതി വാദത്തെ പിന്തുണച്ച് കവിത എഴുതിയത്.

Content Highlight: Environment Debate in Social Media goes to Cyber Attack