സോളാര്‍ മാനനഷ്ട കേസ്; വി.എസിന്റെ കോടതി ചെലവ് ഉമ്മന്‍ ചാണ്ടി നല്‍കണമെന്ന് ജില്ലാ കോടതി
Kerala News
സോളാര്‍ മാനനഷ്ട കേസ്; വി.എസിന്റെ കോടതി ചെലവ് ഉമ്മന്‍ ചാണ്ടി നല്‍കണമെന്ന് ജില്ലാ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2023, 8:30 am

തിരുവനന്തപുരം: മാനനഷ്ട കേസില്‍ വി.എസ്. അച്യുതാനന്ദന് ഉമ്മന്‍ ചാണ്ടി കോടതി ചെലവ് നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി.

ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ ഉത്തരവിലാണ് കോടതിച്ചെലവ് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

വി.എസിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ട കേസില്‍ സബ് കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. വി.എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരെ വി.എസ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

തുടര്‍ന്ന് സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തുകയായിരുന്നു. ഈ വിധി പകര്‍പ്പിലാണ് വി.എസിന്റെ കോടതി ചെലവും ഉമ്മന്‍ ചാണ്ടി നല്‍കണമെന്ന് പ്രസ്താവിച്ചിരിക്കുന്നത്.

2013 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തില്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസ്.

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞില്ല. അസുഖബാധിതനായതിനാല്‍ വിഎസിന് കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞിരുന്നില്ല.

സാങ്കേതികമായ ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് അഭിഭാഷകന് വീഴ്ചയുണ്ടായെന്നാണ് വര്‍ഷങ്ങളോളം വി.എസിനൊപ്പം വിവിധ കേസുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.

വി.എസിന് വേണ്ടി സീനിയര്‍ അഭിഭാഷകനായ അഡ്വ. വി.എസ്. ഭാസുരേന്ദ്രന്‍ നായര്‍, അഭിഭാഷകരായ ദില്‍ മോഹന്‍, പ്രശാന്ത് പൈ. ബി എന്നിവര്‍ ഹാജരായി.

സോളാര്‍ കേസ് മാനനഷ്ട കേസ്:

2014ലാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കുന്നത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ. സന്തോഷ് കുമാര്‍ മുഖേന ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി. പ്രസ്താവന പിന്‍വലിച്ച മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടിരൂപ മാനഷ്ടം ആവശ്യപ്പെട്ട് നോട്ടീസയച്ചു.

വി.എസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി 2014ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 10 ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം.

2019 സെപ്തംബര്‍ 24ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. സാക്ഷികളെയും വിസ്തരിച്ചു. ഒടുവില്‍ ഉമ്മന്‍ചാണ്ടിയെ ജനമധ്യത്തില്‍ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ വ്യാജ പ്രചാരണം നടത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2022 ജനുവരി 24ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുക കൂടാതെ ആറ് ശതമാനം പലിശ നല്‍കാനും വി.എസിന് പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിടുകയായിരുന്നു. ഈ വിധിക്കെതിരെ വി.എസ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് ഇപ്പോള്‍ വി.എസിന് അനുകൂലമായ കോടതി വിധിയുണ്ടായത്.

Content Highlight: Oommen Chandy to give court cost to VS Achuthanandan on Solar Defamation case