4- 0!! പാകിസ്ഥാനോട് ഒരിക്കല്‍ പോലും പരാജയമറിയാത്ത ഇംഗ്ലീഷ് പട
Cricket
4- 0!! പാകിസ്ഥാനോട് ഒരിക്കല്‍ പോലും പരാജയമറിയാത്ത ഇംഗ്ലീഷ് പട
ഫസീഹ പി.സി.
Wednesday, 25th February 2026, 7:52 pm

2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ടീം ജയിച്ചതും ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലിസ്റ്റുകളായതും.

ഈ വിജയത്തോടെ ഒരു ആധിപത്യം ഒന്നുകൂടി ഊട്ടിഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ടി – 20 ലോകകപ്പില്‍ പാകിസ്താനിനെതിരെയുള്ള വിജയത്തിന്റെ സ്ട്രീക്കാണ് ത്രീലയണ്‍സ് നിലനിര്‍ത്തിയത്. ഇതുവരെ ടൂര്‍ണമെന്റില്‍ നാല് തവണ പാകിസ്ഥാനും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങൾ. Photo: ESpncricinfo.com

എന്നാല്‍, ഈ മത്സരങ്ങളില്‍ ഇതുവരെ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല. 2009ലാണ് ആദ്യമായി ഒരു പാകിസ്ഥാന്‍ – ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്. അന്ന് 48 റണ്‍സിനാണ് ഇംഗ്ലീഷ് പട മെന്‍ ഇന്‍ ഗ്രീനിനെ മുട്ടുകുത്തിച്ചത്.

പിന്നീട് അടുത്ത വര്‍ഷം നടന്ന ടി – 20 ലോകകപ്പിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. അന്നും ഇംഗ്ലണ്ട് തന്നെ വിജയികളായി. ആറ് വിക്കറ്റിനായിരുന്നു 2010ലെ ത്രീലയണ്‍സിന്റെ വിജയം.

2022 ടി – 20 ലോകകപ്പ് ഫൈനലിലെ വിജയമാഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ. Photo: Espncricinfo.com

അതിന് ശേഷം ഒരു ഇംഗ്ലണ്ട് – പാകിസ്ഥാന്‍ മത്സരം ടി – 20 ലോകകപ്പ് വേദിയില്‍ നടക്കാന്‍ 12 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പക്ഷേ, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2022യില്‍ ഏറ്റുമുട്ടിയപ്പോഴും ഇംഗ്ലണ്ടിന് അടിപതറിയില്ല. അന്ന് അഞ്ച് വിക്കറ്റിനാണ് ഇംഗ്ലീഷ് സംഘം പാകിസ്ഥാന്റെ മുട്ടുകുത്തിച്ചത്.

ഇപ്പോള്‍ ഈ ലോകകപ്പിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍, ഇംഗ്ലണ്ടിന്റെ വിജയത്തിന്റെ സ്ട്രീക്ക് അവസാനിപ്പിക്കാന്‍ സല്‍മാന്‍ അലി ആഘയുടെ കീഴിലിറങ്ങിയ പച്ചപ്പടയ്ക്ക് സാധിച്ചില്ല. മറുവശത്തെ ഹാരി ബ്രൂക്കെന്ന നായകന്റെ താണ്ഡവത്തില്‍ ഒരിക്കല്‍ കൂടി പരാജയം ഏറ്റുവാങ്ങാനായിരുന്നു പാക് സംഘത്തിന്റെ വിധി.

Content Highlight: England never lost a match against Pakistan in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി