കായിക ലോകത്ത് ഏറ്റവുമധികം ഡോമിനേഷനുള്ള രാജ്യമേത്? ചോദ്യം സിംപിളാണെങ്കിലും ഉത്തരം അത്രകണ്ട് സിംപിളല്ല. ലോകത്തെ ഏറ്റവുമധികം ആരാധകരുള്ളതും ഏറ്റവുമധികം ആളുകള്‍ കാണുന്നതുമായ മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിനുത്തരം കുറച്ചുകൂടി സങ്കീര്‍ണമാകും.
ഇന്ത്യയെ തന്നെ ഉദാഹരണമായി എടുക്കാം. ലോക ക്രിക്കറ്റിലെ അച്ചുതണ്ട് ശക്തികളില്‍ പ്രധാനിയാണ് ഇന്ത്യ. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ഡോമിനേറ്റ് ചെയ്ത ടീമുകളിലൊന്നും ഇന്ത്യ തന്നെയാണ്. എന്നാല്‍ ഇന്ത്യയുടെ ഈ കംപ്ലീറ്റ് ഡോമിനേഷന്‍ ക്രിക്കറ്റില്‍ മാത്രമേ കാണാന്‍ സാധിക്കൂ.
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ കാണുന്ന, ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോളില്‍ ഇന്ത്യയെവിടെ എന്ന ചോദ്യത്തിന് മുമ്പില്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമേ ഇന്ത്യയിലെ ഓരോ ഫുട്‌ബോള്‍ ആരാധകനും സാധിക്കൂ. കേരളവും ബംഗാളും ഗോവയുമടക്കം ഫുട്‌ബോളിന് ഏറെ വേരോട്ടമുള്ള മേഖലകളുണ്ടായിട്ടും ഇന്ത്യന്‍ ഫുട്‌ബോള്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് തന്നെ വീഴുകയാണ്. അതിന്റെ കാരണവും പലതാണ്!
മറ്റ് ടീമുകളുടെ കാര്യവും വ്യത്യസ്തമല്ല, നിലവിലെ ഫുട്‌ബോള്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ പരിശോധിക്കുമ്പോള്‍ ഫുട്‌ബോളിന് പുറമെ റഗ്ബി യൂണിയനില്‍ ചെറിയ രീതിയിലെങ്കിലും വൈറ്റ് ആന്‍ഡ് ബ്ലൂസിന് സ്വാധീനമുണ്ട്. എന്നാല്‍ ലോക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അര്‍ജന്റീന ഒന്നുമല്ല എന്ന് കാണാന്‍ സാധിക്കും. ഫ്രാന്‍സാകട്ടെ ലോക ഫുട്‌ബോളിലും വേള്‍ഡ് റഗ്ബി യൂണിയനിലും തങ്ങളുടെ ശക്തിയറിയിച്ചവരാണ്. എന്നാല്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അര്‍ജന്റീനയെ പോലെ ടീം തീര്‍ത്തും അശക്തര്‍.
വാലബീസ് എന്ന് വിളിപ്പേരുള്ള ഓസ്‌ട്രേലിയയും ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കുതിച്ചുപായുന്ന സ്പ്രിങ് ബോക്‌സ് എന്ന് മാനിന്റെ പേരിലറിയപ്പെടുന്ന സൗത്ത് ആഫ്രിക്കയും യഥാര്‍ത്ഥ മത്സരത്തിന് മുമ്പ് ഹക്കയെന്ന വാര്‍ ഡാന്‍സുമായി എതിരാളികളുടെ മനസില്‍ അധീശത്വം സ്ഥാപിക്കുന്ന ഓള്‍ ബ്ലാക്‌സ് എന്ന ന്യൂസിലാന്‍ഡും റഗ്ബി യൂണിയനിലെ മുടിചൂടാമന്നന്‍മാരാണ്. റഗ്ബി യൂണിയനിലെ ലോകകപ്പുയര്‍ത്തിയ മൂവരും ക്രിക്കറ്റിലും ശക്തരില്‍ ശക്തര്‍ തന്നെയാണ്.
ഫുട്‌ബോളിലും ഇവര്‍ക്ക് തങ്ങളുടേതായ ലെഗസിയുണ്ടെങ്കിലും അത് ലോക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ അത് തുലോം തുച്ഛമാണെന്ന് കാണാം.
പാകിസ്ഥാനും ശ്രീലങ്കയുമടക്കമുള്ള ടീമുകള്‍ ക്രിക്കറ്റിലും ബ്രസീലും സ്‌പെയ്‌നുമടക്കമുള്ള നിരവധി ടീമുകള്‍ ഫുട്‌ബോളിലും ഫിജി, ജപ്പാന്‍ പോലുള്ള ടീമുകള്‍ റഗ്ബിയിലും തങ്ങളുടെ കാലൊച്ച പതിപ്പിക്കുമ്പോള്‍ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഈ മൂന്ന് ഗെയ്മിലും ഒരുപോലെ സാന്നിധ്യമായ ഒരേയൊരു ടീമുണ്ട്. കേവലം സാന്നിധ്യമാവുക മാത്രമല്ല, ഈ മൂന്ന് ഗെയ്മിന്റെയും ലോകകപ്പും സ്വന്തമാക്കിയ ഏക ടീം. ദി ലയണ്‍സ്, സാക്ഷാല്‍ ഇംഗ്ലണ്ട്.
1966ലാണ് ഇംഗ്ലണ്ട് ആദ്യമായി ലോകചാമ്പ്യന്‍മാരാകുന്നത്. കാല്‍പ്പന്തിലൂടെയാണ് ഇംഗ്ലീഷ് ആര്‍മി ആദ്യമായി ലോകത്തിന്റെ നെറുകയിലെത്തിയത്. 1966 ജൂലൈ 30ന് വിശ്വപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇംഗ്ലണ്ട് ലോകം കീഴടക്കി.
സെമി ഫൈനലില്‍ പോര്‍ച്ചുഗലായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികള്‍. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന്റെ കരുത്തില്‍ ബോബി മൂറിന്റെ സംഘം സ്വന്തം മണ്ണില്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടി. മറുതലയ്ക്കല്‍ ലെവ് യാഷിന്‍ എന്ന ഇതിഹാസം ഗോള്‍വലയ്ക്ക് മുമ്പില്‍ കെട്ടിയ കോട്ട തകര്‍ത്ത് വെസ്റ്റ് ജര്‍മനിയും ഫൈനലുറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് പശ്ചിമ ജര്‍മനി സോവിയറ്റ് യൂണിയനെ തകര്‍ത്തത്.
തുല്യ ശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ച ഫൈനലില്‍ ഇംഗ്ലണ്ട് രണ്ടിനെതിരെ നാല് ഗോളിന് ജര്‍മന്‍ ആര്‍മിയെ തകര്‍ത്തെറിഞ്ഞു. സര്‍ ജെഫ്രി ചാള്‍സ് ഹസ്റ്റിന്റെ ഹാട്രിക്കും മാര്‍ട്ടിന്‍ സ്റ്റാന്‍സ്‌ഫോര്‍ഡ് പീറ്റേഴ്‌സിന്റെ ഗോളും ഇംഗ്ലണ്ടിന് തുണയായപ്പോള്‍ ഹെല്‍മുട്ട് ഹാലറും വോള്‍ഫ്ഗാംഗ് വെബറും വെസ്റ്റ് ജര്‍മനിക്കായി വലകുലുക്കി.
ഈ കിരീട നേട്ടത്തിന് ശേഷം ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിന്റെ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ പല രൂപത്തിലും കാല്‍പ്പന്തിന്റെ ലോകത്ത് നിര്‍ണായക സാന്നിധ്യമായി തുടരുകയാണ്.
2003ല്‍ ഇംഗ്ലണ്ട് റഗ്ബി യൂണിയനിലൂടെ ഒരിക്കല്‍ക്കൂടി ലോകത്തെ കാല്‍ച്ചുവട്ടിലാക്കി. ദി ലയണ്‍സ് എന്ന് കായികലോകം ഓമനപ്പേര് നല്‍കിയ ഇംഗ്ലണ്ട് ഒരിക്കല്‍ മാത്രമേ ലോകകപ്പുയര്‍ത്തിയിട്ടുള്ളൂ എങ്കിലും അന്ന് പരാജയപ്പെടുത്തിയത് കരുത്തരായ ഓസ്‌ട്രേലിയയെയാണ്.
സെമി ഫൈനലില്‍ തൊട്ടയല്‍ക്കാരായ വെയ്ല്‍സിനെ 28-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിന് ടിക്കറ്റെടുത്തത്. മറുവശത്ത് ചിരവൈരികളായ ന്യൂസിലാന്‍ഡിനെ 10-22ന് പരാജയപ്പെടുത്തി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസീസും ഫൈനലുറപ്പിച്ചു.
സിഡ്‌നിയില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം നിലനിര്‍ത്താമെന്ന മോഹവുമായി കളത്തിലിറങ്ങിയ വാലബീസിനെ കാത്തിരുന്നത് ടൂര്‍ണമെന്റിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ മത്സരമാണ്. ബ്രൂട്ടല്‍ ടാക്കിളുകളും ട്രൈയും ഡ്രോപ് ഗോളുകളുമായി ഇരുവരും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍, ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മൂന്ന് പോയിന്റിന്റെ കരുത്തില്‍ (20-17) ഇംഗ്ലണ്ട് കപ്പുയര്‍ത്തി.
ഇതോടെ റഗ്ബി യൂണിയന്‍ ചരിത്രത്തില്‍ കപ്പുയര്‍ത്തിയ നാല് ടീമുകളില്‍ ഒന്നാകാനും ഇംഗ്ലണ്ടിന് സാധിച്ചു. മറ്റ് മൂന്ന് അവസരങ്ങളില്‍ (1991, 2007, 2019) കപ്പുയര്‍ത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും കിരീടപ്പോരാട്ടത്തില്‍ പരാജയപ്പെട്ടു.
‘ക്രിക്കറ്റ് പിറവി കൊണ്ട നാടിന് ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല’. 2019 വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കേള്‍ക്കേണ്ടി വന്ന പഴിയാണിത്. ആ വര്‍ഷം, സ്വന്തം കാണികള്‍ക്ക് മുമ്പില്‍, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദമായ ഫൈനലില്‍ ത്രീ ലയണ്‍സ് കപ്പുയര്‍ത്തി.
ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ കെയ്ന്‍ വില്യംസണിന്റെ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികള്‍ ഹെന്‌റി നിക്കോള്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെയും ടോം ലാഥം, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ കരുത്തിലും നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സിന്റെയും ജോസ് ബട്‌ലറിന്റെയും കരുത്തില്‍ തിരിച്ചടിച്ചു. അവസാന പന്ത് വരെ ആവേശം തിങ്ങി നിന്ന മത്സത്തില്‍ ഇംഗ്ലണ്ട് 241ന് പുറത്തായി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഒരു വിക്കറ്റിന് 15 റണ്‍സ് തന്നെ നേടിയെങ്കിലും ബൗണ്ടറിയെണ്ണി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.
ക്രിക്കറ്റിന്റെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് നേരത്തെ വിജയം സ്വന്തമാക്കിയിരുന്നു. 2010ല്‍ ചിരവൈരികളായ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്.
ശേഷം 2022ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ജോസ് ബട്‌ലറും സംഘവും ഒരിക്കല്‍ക്കൂടി ടി-20 കിരീടം ഇംഗ്ലണ്ടിലെത്തിച്ചു. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് ശേഷം ഒന്നിലധികം തവണ ടി-20 കിരീടം സ്വന്തമാക്കുന്ന ടീമായും ഇംഗ്ലണ്ട് മാറി.
ഇംഗ്ലണ്ടിന്റെ ഈ കുത്തക മറികടക്കാന്‍ പല ടീമുകള്‍ക്കും അവസരമുണ്ടെങ്കിലും കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. എങ്കിലും ഭാവിയില്‍ ട്രിപ്പിള്‍ ക്രൗണ്‍ ടൈറ്റിലുകള്‍ സ്വന്തമാക്കുന്ന കൂടുതല്‍ ടീമുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Content Highlight: England is the only team to win FIFA World Cup, ICC World Cup and Rugby Union World Cup