ഒന്നും അവസാനിച്ചിട്ടില്ല ഭായ്; ലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്
Cricket
ഒന്നും അവസാനിച്ചിട്ടില്ല ഭായ്; ലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്
ഫസീഹ പി.സി.
Saturday, 24th January 2026, 10:51 pm

ശ്രീലങ്കയ്ക്ക് എതിരെയുള്ള രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം. ആദ്യ മത്സരത്തില്‍ ലങ്കയോട് 19 റണ്‍സിന് അടിയറവ് പറഞ്ഞതിന് ശേഷമാണ് സന്ദര്‍ശകരുടെ വിജയം.

മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 219 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ജോ റൂട്ടിന്റെ കരുത്തിലാണ് ടീമിന്റെ വിജയം. ഇതോടെ പരമ്പരയില്‍ ലങ്കന്‍ പടയ്ക്ക് ഒപ്പമെത്താനും ത്രീ ലയണ്‍സിന് സാധിച്ചു.

വിജയം സ്വന്തമാക്കിയതോടെ തങ്ങളുടെ ഒരു നിര്‍ഭാഗ്യത്തിന് അന്ത്യം കുറിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. അവസാനം കളിച്ച 11 ഏകദിന എവേ മത്സരത്തിലും ടീം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിലെ വിജയം ഈ സ്ട്രീക്കിനാണ് വിരാമമിട്ടത്.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തത് ചരിത് അസലങ്കയാണ്. താരം 64 പന്തില്‍ 45 റണ്‍സാണ് എടുത്തത്. ഒപ്പം 59 പന്തില്‍ 40 റണ്‍സുമായി ധനഞ്ജയ ഡി സില്‍വയും പവന്‍ രത്‌നയാകെ 34 പന്തില്‍ 29 റണ്‍സും ചേര്‍ത്തു.

ഇവര്‍ക്കൊപ്പം 26 റണ്‍സ് വീതം നേടി പാത്തും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, ജാമി ഒവേര്‍ട്ടണ്‍, ജോ റൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ലിയാം ഡോസണ്‍, വില്‍ ജാക്സ്, രെഹാന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടി. 90 പന്തില്‍ 75 റണ്‍സാണ് സ്‌കോര്‍ ചെയ്തു. ടീമിനായി ഹാരി ബ്രൂക്ക് 75 പന്തില്‍ 42 റണ്‍സും ബെന്‍ ഡക്കറ്റ് 52 പന്തില്‍ 39 റണ്‍സും സ്വന്തമാക്കി.

ജോ റൂട്ട്. Photo: Aryan Goel/x.com

ഇവര്‍ക്കൊപ്പം ജോസ് ബട്‌ലര്‍ 21 പന്തില്‍ 33 റണ്‍സും അടിച്ചെടുത്തു. ഇതോടെയാണ് ടീം വിജയം സ്വന്തമാക്കിയത്.

ലങ്കക്കായി ജെഫ്റി വാന്‍ഡെര്‍സെയും ധനഞ്ജയയും രണ്ട് വിക്കറ്റ് വീതമെടുത്തു. അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: England beat Sri Lanka in 2nd ODI after losing first match

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി