2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ തകര്‍ത്ത് സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. നാല് വിക്കറ്റിനായിരുന്നു ത്രീ ലയണ്‍സിന്റെ വിജയം. സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് മുന്‍ ചാമ്പ്യന്മാരുടെ മുന്നേറ്റം.
ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് വില്‍ ജാക്സാണ്. ആദ്യം ബോൾ കൊണ്ട് തിളങ്ങിയ താരം ചെയ്സിങ്ങില്‍ വെടിക്കെട്ട് നടത്തി വിജയവും ഒപ്പം സെമി ഫൈനല്‍ സ്‌പോട്ടും ടീമിന് സമ്മാനിച്ചു. കിവീസിന് എതിരെ ഏഴാമനായി ഇറങ്ങിയ താരം കളി അവസാനിക്കുമ്പോള്‍ സ്‌കോര്‍ ചെയ്തത് പുറത്താവാതെ 32 റണ്‍സാണ്.
വിൽ ജാക്‌സ്. Photo: England Cricket/x.com
അതാകട്ടെ വെറും 18 പന്തുകള്‍ മാത്രം നേരിട്ടാണ് എന്നതും ചേര്‍ത്ത് വായിക്കണം. 177.78 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒരു സിക്സും നാല് ഫോറുമാണ്. പന്തെറിഞ്ഞപ്പോള്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും പിഴുതു.
എന്നാല്‍, ഇത് ആദ്യമായല്ല ജാക്സ് ഈ ലോകകപ്പില്‍ തിളങ്ങുന്നത്. ഇതുവരെ ഇംഗ്ലണ്ട് കളിച്ച എല്ലാ മത്സരത്തിലും താരത്തിന്റെ സംഭാവനയുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ നേപ്പാളിന് എതിരെ താരം 18 പന്തില്‍ പുറത്താവാതെ 39 റണ്‍സാണ് എടുത്തത്. ഒപ്പം രണ്ട് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റും താരം തന്റെ അക്കൗണ്ടിലെത്തിച്ചു. ഈ പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലീഷ് ബാറ്റര്‍ കളിയിലെ താരമായി.
പക്ഷേ, വില്‍ ജാക്സിന് അടുത്ത മത്സരത്തില്‍ കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. അന്ന് പത്ത് പന്തില്‍ പുറത്താവാതെ 16 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ പിന്നീട് ഇറ്റലിയെ നേരിട്ടപ്പോള്‍ താരം 22 പന്തില്‍ 53 റണ്‍സ് നേടി പുറത്താവാതെ നിന്നു. അന്നും താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
വിൽ ജാക്‌സ്. Photo: England Cricket/x.com
അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ശ്രീലങ്കക്ക് എതിരെ വില്‍ ജാക്സ് 14 പന്തില്‍ 21 റണ്‍സും മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. അതിനുശേഷം ഇംഗ്ലണ്ട് പാകിസ്ഥാനുമായാണ് ഏറ്റുമുട്ടിയത്. അന്ന് താരം 23 പന്തില്‍ 28 റണ്‍സെടുത്തെങ്കിലും വിക്കറ്റുകളൊന്നും നേടാനായില്ല. ഇപ്പോളിതാ കിവികള്‍ക്ക് എതിരെയും താരം തിളങ്ങിയിരിക്കുന്നു.
കിവീസിനും നേപ്പാളിനും പുറമെ ഇറ്റലിക്കെതിരെയും ശ്രീലങ്കയ്ക്ക് എതിരെയുമുള്ള മത്സരങ്ങളിലും വില്‍ ജാക്സ് കളിയിലെ താരമായി. ഈ മത്സരങ്ങളിലും ടീമിന്റെ വിജയത്തിന് തന്നെ ചുക്കാന്‍ പിടിച്ചു. ഇനി സെമി ഫൈനലിലും താരം ഇംഗ്ലണ്ടിന്റെ നെടും തൂണാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: England all rounder Will Jacks is in great form in T20 World Cup