സെഞ്ച്വറിയടിച്ച് ബാബറിനൊപ്പം റൂട്ട്; സിംഹാസനത്തില്‍ കിങ് തന്നെ!
Cricket
സെഞ്ച്വറിയടിച്ച് ബാബറിനൊപ്പം റൂട്ട്; സിംഹാസനത്തില്‍ കിങ് തന്നെ!
ഫസീഹ പി.സി.
Wednesday, 28th January 2026, 7:03 am

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 53 റണ്‍സിന് വിജയിച്ചാണ് ത്രീ ലയണ്‍സ് 2-1ന് പരമ്പര നേടിയത്. ആദ്യ മത്സരത്തില്‍ അടിയറവ് പറഞ്ഞതിന് ശേഷമാണ് ഈ തിരിച്ചുവരവ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് നേടിയിരുന്നു. എന്നാല്‍, ഇത് പിന്തുടര്‍ന്ന ലങ്കയ്ക്ക് 304 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Photo: Johns/x.com

മത്സരത്തില്‍ ജോ റൂട്ട് സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 108 പന്തില്‍ 111 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒമ്പത് ഫോറും ഒരു സിക്‌സുമാണ് മുന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ പിറന്നത്. മത്സരത്തില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 61ാം സെഞ്ച്വറിയാണ് കുറിച്ചത്.

ഏകദിന സെഞ്ച്വറികളില്‍ 20 എന്ന മാര്‍ക്കിലെത്താനും ഈ മത്സരത്തില്‍ റൂട്ടിന് സാധിച്ചു. അതോടെ ഒരു എലീറ്റ് ലിസ്റ്റിന്റെയും ഭാഗമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നാലാമത്തെ താരമാകാനും താരത്തിന് സാധിച്ചു. ഈ നേട്ടത്തില്‍ റൂട്ട്, പാക് താരം ബാബര്‍ അസമിനൊപ്പമാണ്.

ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ സജീവ ബാറ്റര്‍മാര്‍

(താരം -ടീം – എണ്ണം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 54

രോഹിത് ശര്‍മ – ഇന്ത്യ – 33

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 23

ബാബര്‍ അസം – പാകിസ്ഥാന്‍ – 20

ജോ റൂട്ട് – ഇംഗ്ലണ്ട് – 20

മത്സരത്തില്‍ റൂട്ടിന് പുറമെ, ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സെഞ്ച്വറി നേടി. താരം 66 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 136 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഒപ്പം 72 പന്തില്‍ 65 റണ്‍സ് നേടി ജേക്കബ് ബെഥലും തിളങ്ങി.

Photo: England Cricket/x.com

ലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ, ജെഫ്രി വാണ്ടര്‍സെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

ലങ്കക്കായി പവന്‍ രത്നയാകെ സെഞ്ച്വറിയും പാത്തും നിസംഗ ഫിഫ്റ്റിയും നേടിയെങ്കിലും വിജയിക്കാനായില്ല. രത്നയാകെ 115 പന്തില്‍ 121 റണ്‍സ് എടുത്തപ്പോള്‍ നിസംഗ 25 പന്തില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡ്വാസണ്‍, വില്‍ ജാക്സ്, ആദില്‍ റഷീദ്, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഒരു വിക്കറ്റുമായി സാം കറന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു.

 

Content Highlight: Eng vs SL: Joe Root joins Babar Azam with the joint fourth-most ODI centuries among active batters

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി