ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തി ഇ.ഡി; ചോദ്യം ചെയ്യലിനായി കൊണ്ടുപോകാന്‍ സാധ്യത
national news
ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തി ഇ.ഡി; ചോദ്യം ചെയ്യലിനായി കൊണ്ടുപോകാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 11:08 am

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുംബൈ പത്ര ചൗളിന്റെ റീഡെവലപ്മെന്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ഇ.ഡി സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തിയത്.

പത്ര ചൗള്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ജൂലൈ 20ന് റാവത്തിനോട് ഹാജരാവാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഹാജരാവാന്‍ കഴിയില്ലെന്ന് അഭിഭാഷകര്‍ മുഖേന അറിയിച്ചിരുന്നു.

ആഗസ്റ്റ് 7ന് ശേഷം ഹാജരാവാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജൂലൈ ഒന്നിന് റാവത്തിന്റെ ആദ്യ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ദാദറിലും അലിബാഗിലുമുള്ള റാവത്തിന്റെ സ്വത്തുകള്‍ കണ്ടുകെട്ടിയിരുന്നു.

പ്രവീണ്‍ റാവത്തുമായുള്ള ബിസിനസുമായും സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസില്‍ ഏജന്‍സിക്ക് റാവത്തിനെ ചോദ്യം ചെയ്യണമെന്നും, ഇന്ന് ചിലപ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി കൊണ്ടു പോയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘മഹാരാഷ്ട്രയും ശിവസേനയും തമ്മിലുള്ള യുദ്ധം തുടരും’ എന്ന് അന്വേഷണം പുരോഗമിക്കുന്നതിരിടെ റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. തെറ്റായ കേസും, തെറ്റായ തെളിവുകളുമാണെന്നും തനിക്ക് ഈ അഴിമതിയില്‍ പങ്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ബാലാസാഹിബ് താക്കറെ നമ്മളെ പോരാടാന്‍ പഠിപ്പിച്ചു, ശിവസേനയ്ക്ക് വേണ്ടി പോരാട്ടം തുടരും’ അദ്ദേഹം പറഞ്ഞു.

 

റാവത്തിനെതിരെ ഇ.ഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് കേസിലെ സാക്ഷിയായ സ്വപ്ന പട്നേക്കര്‍ രണ്ടു ദിവസം മുമ്പ് പൊലീസിനോട് പറഞ്ഞിരുന്നു.

വസ്തുക്കള്‍ വാങ്ങാന്‍ തന്റെ പേര് ഉപയോഗിച്ചതാണെന്നും അല്ലാതെ തനിക്ക് അതിന്റെ ഉടമസ്ഥതയില്‍ പങ്കില്ലെന്നും മുമ്പ് ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ സ്വപ്ന പറഞ്ഞിരുന്നു.

ഹൗസിങ് ഡെവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും അതിന്റെ ഉടമസ്ഥരായായ പ്രവീണ്‍ റാവത്തും രകേഷ് വാധവാനും ഉള്‍പ്പെട്ട പത്ര ചൗള്‍ അഴിമതിയുമായി ബന്ധപ്പെട്ട 1200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.

ഏപ്രിലില്‍ റാവത്തിന്റെ ഭാര്യയുടേയും രണ്ട് അനുയായികളുടേയും 11 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. വര്‍ഷ റാവത്തിന്റെ മുംബൈ സബര്‍ബ് ദാദറിലുള്ള ഫ്ളാറ്റും, വര്‍ഷ റാവത്ത്, സ്വപ്ന പട്കര്‍, സുജിത് പട്കറിന്റെ ഭാര്യ എന്നിവരുടെ അലിബാഗ് ബീച്ചിലെ കിഹിമിലുള്ള എട്ട് പ്ലോട്ടുകളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.

അതേസമയം സഞ്ജയ് റാവത്തിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ വീടിന് പുറത്ത് തടിച്ചുകൂടുകയും ഇ.ഡിക്കും ബി.ജെ.പിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

 

Content Highlight: Enforcement Directorate visited Shiv Sena MP Sanjay Raut’s house