'എന്നെക്കൊണ്ട് അധികം സംസാരിപ്പിക്കേണ്ട, പറഞ്ഞു തുടങ്ങിയാല്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകും'; താക്കറെയ്ക്ക് മുന്നറിയിപ്പുമായി ഷിന്‍ഡെ
national news
'എന്നെക്കൊണ്ട് അധികം സംസാരിപ്പിക്കേണ്ട, പറഞ്ഞു തുടങ്ങിയാല്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകും'; താക്കറെയ്ക്ക് മുന്നറിയിപ്പുമായി ഷിന്‍ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 9:52 am

മുംബൈ: താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ശനിയാഴ്ച മാലെഗാവില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ശിവസേനയുടെ ഭാവിയും വളര്‍ച്ചയും മാത്രമായിരുന്നു തന്റെ മനസ്സിലെന്നും ഷിന്‍ഡെ പറഞ്ഞു.

‘ഞാന്‍ ഇന്റര്‍വ്യൂ കൊടുക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ഭൂകമ്പമുണ്ടാകും. എന്നെക്കൊണ്ട് അധികം സംസാരിപ്പിക്കാത്തതാണ് നല്ലത്.

ചിലരെപ്പോലെ എല്ലാ വര്‍ഷവും അവധിക്ക് വിദേശയാത്രയൊന്നും ഞാന്‍ നടത്തിയിട്ടില്ല. ശിവസേനയുടെ ഭാവിയും വളര്‍ച്ചയും മാത്രമായിരുന്നു എന്റെ മനസ്സില്‍,’ ഷിന്‍ഡെ പറഞ്ഞു.

മഹാരാഷ്ട്ര ഭരിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി ജൂണിലാണ് ഏക് നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായത്. അഘാഡി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായതോടെ ബി.ജെ.പിയുമായി സഖ്യത്തിലെത്തിയ ഷിന്‍ഡെയും സംഘവും വിജയിക്കുകയുമായിരുന്നു.

അന്ന് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യമായിരുന്ന മഹാവികാസ് അഘാഡിയില്‍ നിന്നും പോയ വിമതരെ രാജ്യദ്രോഹികള്‍ എന്നായിരുന്നു ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചിരുന്നത്.

ബാലാസാഹെബ് താക്കറെയുടെ ആശയങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതാണ് തന്നെ കലാപകാരിയാക്കി മാറ്റിയതെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു.

‘ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യം സംരക്ഷിക്കാന്‍ ആഗ്രഹിച്ചതും ശ്രമിച്ചതുമാണ് എന്നെ കലാപകാരിയാക്കി മാറ്റിയത്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി എങ്ങനെയാണ് ബാലാസാഹെബ് താക്കറെയുടെ ആശയങ്ങളെ തിരസ്‌കരിക്കേണ്ടത്,’ ഷിന്‍ഡെ പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യത്തിലായി മത്സരിച്ച് ജയിച്ചതാണ് ശിവസേന. പിന്നീട് കൂറുമാറി ബി.ജെ.പിയുമായി തെറ്റി എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്നതും സര്‍ക്കാര്‍ രൂപീകരിക്കുന്നതുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. അന്ന് ശിവസേന ചെയ്തത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തിലുള്ള സേനാ വിഭാഗവും ബി.ജെ.പിയും ചേര്‍ന്ന് 288സീറ്റുകളില്‍ 200 സീറ്റിലേക്ക് എങ്കിലും വിജയിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം ഷിന്‍ഡെ വിഭാഗത്തെ വിമര്‍ശിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.

ശക്തമായ അടിത്തറയില്ലാതെയാണ് മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത് എന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം.

സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉടലെടുക്കുന്ന പ്രശ്നങ്ങളിലായിരിക്കും ഷിന്‍ഡെ സര്‍ക്കാര്‍ നിലംപൊത്തുകയെന്നും റാവത്ത് പറഞ്ഞു.

ബി.ജെ.പി പറയുന്നത് പോലെ ഇത്രമാസത്തിനുള്ളില്‍ സര്‍ക്കാര്‍ താഴെവീഴും എന്ന തീയതിയൊന്നും വിളിച്ചുപറയാന്‍ ശിവസേന വരുന്നില്ല. സര്‍ക്കാരിന് നിലനില്‍പ്പില്ലെന്ന കാര്യം വ്യക്തമാണ്.

സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ പോലും ഷിന്‍ഡെ നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്ത് ഭരണം താറുമാറാകുക മാത്രമല്ല സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിതെന്നും റാവത്ത് പറഞ്ഞു.

അനീതിയിലൂടെ നേടിയ സര്‍ക്കാര്‍ പദവി അധികകാലം നിലനില്‍ക്കില്ലെന്നും റാവത്ത് പറഞ്ഞു.

Content Highlight: Maharshtra chief Minister Eknath Shinde warns Uddhav that never make m=him speak much because if he does there will be earthquake