വൻ ഹൈപ്പിലെത്തിയ സിനിമയാണ് മോഹൻലാൽ നായകനായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ ഇപ്പോൾ വിവാദത്തിലാകുകയും പിന്നീട് സിനിമയിൽ ചില മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ 100 കോടി നേടുകയും ചെയ്തു. വേഗത്തിൽ 100 കോടി ക്ലബിൽ കയറിയ മലയാള ചിത്രമാണ് എമ്പുരാൻ.
റിലീസിന് മുമ്പ് തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസ് ചെയ്തത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. ചിത്രം ഓപ്പണിങ് വീക്കൻഡ് 60 കോടിയിലധികം രൂപയാണ് പ്രീസെയിലായി നേടിയത്.
വിദേശ കളക്ഷനില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി ഒന്നാമത് എത്തിയിരിക്കുകയാണ് എമ്പുരാൻ. മലയാളത്തിൻ്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. 242 കോടിയാണ് സിനിമ ആഗോള തലത്തിൽ നേടിയത്.
എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററിൽ എത്തിയത്. മലയാള സിനിമയ്ക്ക് റിലീസ് ദിനത്തിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത തരത്തിലുള്ള കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 25 കോടിയും, വിദേശത്ത് നിന്ന് 5 മില്യൺ ഡോളറും എമ്പുരാൻ നേടി. ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇതുവരെ സ്വന്തമാക്കാൻ പറ്റാത്ത കളക്ഷനാണ് യു.കെ, ന്യൂസിലൻഡ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും എമ്പുരാൻ നേടിയത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് എമ്പുരാൻ റെക്കോഡ് നേട്ടമുണ്ടാക്കിയത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ സുഭാസ്കരൻ, ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.