മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ബറോസ് വരെ, മോഹന്‍ലാലിനെക്കുറിച്ചുള്ള വീഡിയോയില്‍ 'നൈസായി ഒഴിവാക്കപ്പെട്ട്' എമ്പുരാനും ലൂസിഫറും
Malayalam Cinema
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ബറോസ് വരെ, മോഹന്‍ലാലിനെക്കുറിച്ചുള്ള വീഡിയോയില്‍ 'നൈസായി ഒഴിവാക്കപ്പെട്ട്' എമ്പുരാനും ലൂസിഫറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd September 2025, 9:16 pm

കേരളത്തിന്റെ പെരുമ വാനോളം ഉയര്‍ത്തി 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ തിളങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഓരോ മലയാളിയെയും ആനന്ദത്തില്‍ ആറാടിച്ചു. ചലച്ചിത്രലോകത്തെ സമഗ്രസംഭാവനക്കാണ് മോഹന്‍ലാലിനെത്തേടി പുരസ്‌കാരമെത്തിയത്.

പുരസ്‌കാരവേദിയൊട്ടാകെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് മോഹന്‍ലാലിനെ ആദരിച്ചത്. ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്‍ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ ദിവസം ‘തൂക്കിയത്’ മോഹന്‍ലാലായിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മോഹന്‍ലാലിനെ പ്രത്യേകം അഭിനന്ദിച്ചു. ‘റിയല്‍ ഒ.ജി’ എന്നാണ് അശ്വിനി വൈഷ്ണവ് മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ സംസ്‌കൃത നാടകം കര്‍ണഭാരത്തെക്കുറിച്ച് രാഷ്ട്രപതി പ്രത്യേകം പരാമര്‍ശിച്ചു.

പുരസ്‌കാരം സമ്മാനിച്ചതിന് ശേഷം മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതത്തെ ആസ്പദമാക്കി പ്രത്യേക വീഡിയോ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി പ്രദര്‍ശിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും കരിയറില്‍ നാഴികക്കല്ലായ സിനിമകളുടെ ദൃശ്യങ്ങളുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആരംഭിച്ച അഭിനയ ജീവിതം തുടരുമെന്ന് കാണിച്ചുകൊണ്ടാണ് അവസാനിച്ചത്. ചിത്രം, അമൃതം ഗമയ, വാനപ്രസ്ഥം, സദയം, ഭരതം, തന്മാത്ര തുടങ്ങി മോഹന്‍ലാലിന്റെ അഭിനയപ്രതിഭയുടെ റേഞ്ച് വ്യക്തമാക്കിയ സിനിമകളിലെ രംഗങ്ങളും ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റിയ ദൃശ്യം, പുലിമുരുകന്‍, ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ ഭാഗങ്ങളും വീഡിയോയുടെ ഭാഗമായിരുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിലെ വന്‍ വിജയങ്ങളായ എമ്പുരാനെയും ലൂസിഫറിനെയും ഈ വീഡിയോയില്‍ നിന്ന്  പാടെ ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ എമ്പുരാന്‍ വലിയ വിവാദമായിരുന്നു. ഗുജറാത്ത് കലാപം കാണിച്ചതും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അതില്‍ പങ്കുണ്ടെന്ന് പറഞ്ഞതും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനെതിരെയും മോഹന്‍ലാലിനെതിരെയും സംഘപരിവാര്‍ വലിയരീതിയില്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. മോഹന്‍ലാലിന്റെ കേണല്‍ പദവി തിരികെ വാങ്ങണമെന്ന് വരെ ചിലര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 24 ഭാഗങ്ങള്‍ കട്ട് ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തുകയും മോഹന്‍ലാല്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. സംഘപരിവാറിനെ ചൊടിപ്പിച്ച എമ്പുരാന്‍ മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതത്തെ കാണിക്കുന്ന വീഡിയോയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ‘യാദൃശ്ചിക’മായേക്കാം.

Content Highlight: Empuraan and Lucifer didn’t became the part of the video presented during National Film Awards ceremony