കോഴിക്കോട്: മാസങ്ങളായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ ജീവനക്കാര്‍ പെരുന്നാള്‍ ദിനത്തില്‍ പ്രതിഷേധിച്ചു. മെയ് മാസത്തിലെ ശമ്പളം പോലും ജൂലൈ ആയിട്ടും നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ജീവനക്കാരുടെ പ്രതിഷേധം.
ശമ്പളം നല്‍കാതിരിക്കെ തന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം താല്‍ക്കാലികമായി വെട്ടിക്കുറക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. 70 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് അച്ചടി നിര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടക്കം അടുത്തിടെ പുറത്തുവന്നിരുന്നു. ആഴ്ചപതിപ്പിലേക്ക് ലേഖനങ്ങളും മറ്റും എഴുതികൊടുക്കുന്നവരോട് ഇനി ലേഖനം വേണ്ടതില്ല എന്നാണ് ചന്ദ്രികയുമായി ബന്ധപ്പെടുമ്പോള്‍ മറുപടി ലഭിക്കുന്നതെന്നാണ് പലരും പറയുന്നതായി ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു.
നിലവില്‍ കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും പത്രത്തിന്റെ എഡിറ്റോറിയലും പ്രിന്റിങ്ങും മാറ്റുവാനും മാനേജ്മെന്റ് പദ്ധതിയിടുന്നതായി ജീവനക്കാര്‍ പറയുന്നു. നിലവില്‍ ചന്ദ്രിക പ്രവര്‍ത്തിക്കുന്ന കെട്ടിടം നില്‍ക്കുന്ന സ്ഥലത്തില്‍ കണ്ണുവെച്ച് ചന്ദ്രികയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ലീഗിലെ ഒരു വിഭാഗവും ജീവനക്കാരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.