വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ നിന്ന് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പടിയിറങ്ങുന്നു. മസ്‌ക് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യു.എസ് സര്‍ക്കാരിന്റെ പ്രത്യേക വകുപ്പായ ഡോജിന്റെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) തലപ്പത്ത് നിന്നാണ് മസ്‌ക് പടിയിറങ്ങുന്നത്.
‘സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയിയായുള്ള എന്റെ കാലാവധി അവസാനിക്കുന്നു. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനുള്ള അവസരം നല്‍കിയ പ്രസിഡന്‌റ് ഡൊണാള്ഡ് ട്രംപിനോട് നന്ദി പറയുന്നു. ഡോജ് മിഷന്‍ കാലക്രമേണ ശക്തിപ്പെടും,’ മസ്‌ക് എക്‌സില്‍ കുറിച്ചു. ഫെഡറല്‍ ഗവണ്‍മെന്റിനെ പുനഃക്രമീകരിക്കാനും ചുരുക്കാനുമുള്ള ഡോജിന്റെ ശ്രമങ്ങള്‍ തുടരുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
As my scheduled time as a Special Government Employee comes to an end, I would like to thank President @realDonaldTrump for the opportunity to reduce wasteful spending.
The @DOGE mission will only strengthen over time as it becomes a way of life throughout the government.
കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക്, ട്രംപ് കൊണ്ടുവന്ന ബജറ്റ് ബില്ലിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പടിയിറക്കം.
ഈ ബില്‍ ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനങ്ങളെ ‘ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് സി.ബി.എസിനോട് വെളിപ്പെടുത്തിയിരുന്നു.
‘ഒരു ബില്‍ വലുതാകാം അല്ലെങ്കില്‍ മനോഹരമായിരിക്കാം. പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല,’ എന്നാണ് മസ്‌ക് പറഞ്ഞത്.
ട്രംപ് ഭരണകൂടത്തില്‍ ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എലോണ്‍ മസ്‌കിന്റെ 130 ദിവസത്തെ കാലാവധി മെയ് 30 ഓടെ അവസാനിക്കാനിരിക്കുകയായിരുന്നു.
ആയിരക്കണക്കിന് പിരിച്ചുവിടലുകള്‍, ഫെഡറല്‍ കമ്മി വെട്ടിച്ചുരുക്കല്‍ എന്നിങ്ങനെ വിവാദമായ നിരവധി ഉത്തരവുകള്‍ക്ക് ശേഷമാണ് മസ്‌കിന്റെ പടിയിറക്കം. എന്നാല്‍ മസ്‌കിന്റെ മിക്ക തീരുമാനങ്ങളും ട്രംപിന്റെ മറ്റ് അനുയായികളെ ചൊടിപ്പിച്ചിരുന്നു. രണ്ട് ട്രില്യണ്‍ ഡോളറായി സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുക എന്നതായിരുന്നു മസ്‌കിന്റെ പ്രവര്‍ത്തന ലക്ഷ്യം.
അത് ഒരു ട്രില്യണ്‍, 150 ബില്യണ്‍ യു.എസ് ഡോളറായി മസ്‌ക് കുറച്ചെങ്കിലും തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ മസ്‌ക് നിരാശനായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.