ഇലോണ്‍ മസ്‌ക് ചെകുത്താന്‍; ദക്ഷിണാഫ്രിക്കക്കാരന്‍ അമേരിക്കയുടെ കാര്യത്തില്‍ എന്തിന് അഭിപ്രായം പറയണം; ട്രംപിന്റെ മുന്‍ ഉപദേശകന്‍
World News
ഇലോണ്‍ മസ്‌ക് ചെകുത്താന്‍; ദക്ഷിണാഫ്രിക്കക്കാരന്‍ അമേരിക്കയുടെ കാര്യത്തില്‍ എന്തിന് അഭിപ്രായം പറയണം; ട്രംപിന്റെ മുന്‍ ഉപദേശകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2025, 3:19 pm

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍. മസ്‌കിനെ വംശീയവാദിയെന്നും ചെകുത്താനെന്നും വിശേഷിപ്പിച്ച് ബാനന്‍ ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി മസ്‌കിനെ വൈറ്റ് ഹൗസില്‍ നിന്ന് താഴെയിറക്കുമെന്നും അഭിപ്രായപ്പെട്ടു.

കുടിയേറ്റ നയത്തെച്ചൊല്ലി ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ന്‍ (മാഗ) ക്യാമ്പുകളില്‍ മസ്‌കിനെതിരേയും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കെതിരേയും വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ബാനന്റെ പരാമര്‍ശം.

മസ്‌കിന്റെ കുടിയേറ്റങ്ങളെ നിശിതമായി വിമര്‍ശിച്ച ബാനന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന തരത്തിലുള്ള വൈറ്റ് ഹൗസിലേക്കുള്ള മസ്‌കിന്റെ പ്രവേശനം തടയുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇറ്റലിയിലെ കൊറിയര്‍ ഡെല്ല സെറ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാനന്റെ പ്രഖ്യാപനം.

‘അവന്‍ ശരിക്കും ഒരു ദുഷ്ടനാണ്, വളരെ മോശമായ ആളാണ്. ഈ വ്യക്തിയെ താഴെയിറക്കുക എന്നത് ഇപ്പോള്‍ എന്റെ വ്യക്തിപരമായ ആവശ്യമായി മാറിയിരിക്കുകയായണ്. മുമ്പ് അവന്‍ പ്രചരണത്തില്‍ പണം നിക്ഷേപിച്ചതിനാല്‍, ഞാന്‍ അത് സഹിക്കാന്‍ തയ്യാറായിരുന്നു.

ഇനി അത് സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. അവന് വൈറ്റ് ഹൗസിലേക്ക് പൂര്‍ണമായ പ്രവേശനം ഉണ്ടായിരിക്കില്ല. അവന്‍ മറ്റേതൊരു വ്യക്തിയെയും പോലെ മാത്രയിരിക്കും,’ ബാനന്‍ പറഞ്ഞു.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനിയായ മസ്‌കിന് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.എസ് കാബിനറ്റിലെ നിര്‍ണായക വകുപ്പിന്റെ ചുമതല നല്‍കി ട്രംപ് നന്ദി അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിനും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കും അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ (DOGE) ചുമതലയാണ് ട്രംപ് നല്‍കിയത്. ട്രംപിന്റെ വിജയത്തിനായി ഏകദേശം 270 മില്യണ്‍ ഡോളര്‍ മസ്‌ക് ചെലവഴിച്ചു എന്നാണ് വിലയിരുത്തല്‍.

മസ്‌ക് സ്വദേശമായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങണം എന്നാണ് ബാനന്‍ ആവശ്യപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും വംശീയവാദികളായ വെളുത്ത ദക്ഷിണാഫ്രിക്കക്കാര്‍, അമേരിക്കയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതെന്തിനെന്നും ബാനന്‍ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.

‘ഒരു ട്രില്യണയര്‍ ആകുക എന്നതാണ് മസ്‌കിന്റെ ഏക ലക്ഷ്യം. തന്റെ കമ്പനിയെ സംരക്ഷിക്കാനും കൂടുതല്‍ പണം സമ്പാദിക്കാനും അവന്‍ എന്തും ചെയ്യും. അവന്റെ സമ്പത്തിലൂടെ അധികാരം നേടാനാണ് അവന്‍ ശ്രമിക്കുന്നത്,’ ബാനന്‍ പറഞ്ഞു.

ട്രംപിന്റ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ഉപദേശക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ബാനന്‍ പിന്നീട് മാഗ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളായി തിരിച്ച് വരുകയായിരുന്നു.

Content Highlight: Elon Musk is truly evil; Why should a South African comment on America; Trump’s former adviser asks