വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ പ്രഖ്യാപനം വിഡ്ഢിത്തമാണെന്നും അമേരിക്കയില്‍ മൂന്നാമതൊരു കക്ഷി പ്രഖ്യാപിക്കുന്നത് മണ്ടത്തരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. രാജ്യത്ത് എപ്പോഴും ദ്വികക്ഷി പാര്‍ട്ടി സമ്പ്രദായമാണ് നിലനിന്നിരുന്നതെന്നും അതിനാല്‍ മൂന്നാംകക്ഷി ആരംഭിക്കുന്നത് ആശയക്കുഴപ്പം വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൊട്ട് പിന്നാലെ ട്രൂത്ത് സോഷ്യല്‍ വഴിയും ട്രംപ് മസ്‌കിനെതിരായ കടന്നാക്രണം തുടര്‍ന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇലോണ്‍ മസ്‌ക് പൂര്‍ണമായും പാളത്തില്‍ നിന്ന് മാറി ഒരു ട്രെയിന്‍ അപകടമായി മാറുന്നത് കാണുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഒരിക്കലും ഒരു മൂന്നാം കക്ഷി വിജയിച്ചിട്ടില്ലെങ്കിലും ഒരു മൂന്നാം രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാന്‍ മസ്‌ക് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം പാര്‍ട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തതല്ല അമേരിക്കയിലെ സിസ്റ്റമെന്നും ഇത്തരം പാര്‍ട്ടികളെക്കൊണ്ട് ആകെ സംഭവിക്കുന്നത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നതാണെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ അത്തരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വിശ്വാസവും മനസും നഷ്ടപ്പെട്ട റാഡിക്കല്‍ ഇടതുപക്ഷ ഡെമോക്രാറ്റുകള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ടെന്നും എന്നാല്‍ മറുവശത്ത് സുഗമമായി പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍മാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്‌ല സഹസ്ഥാപകനുമായ മസ്‌ക് പുതിയ പാര്‍ട്ടിയായ ‘അമേരിക്ക’ പാര്‍ട്ടി രൂപീകരിച്ചത്. ആദ്യം തന്റെ എക്‌സ് അക്കൗണ്ടിലൂടെ യു.എസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം മസ്‌ക് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
‘നിലവിലെ സംവിധാനത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാന്‍ സ്വാതന്ത്ര്യദിനം മികച്ച സമയമാണ്! നമ്മള്‍ അമേരിക്ക പാര്‍ട്ടി സൃഷ്ടിക്കണോ?,’ എന്നദ്ദേഹം എക്‌സിലൂടെ ചോദിച്ചു. 65.4 ശതമാനം ആളുകള്‍ ‘വേണം’ എന്ന് വോട്ട് ചെയ്തപ്പോള്‍ 34.6 ശതമാനം പേര്‍ ‘വേണ്ട’ എന്ന് വോട്ട് ചെയ്തു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം.
ട്രംപിന്റെ പ്രധാന അനുയായിയായി കണക്കാക്കിയിരുന്ന മസ്‌ക് ട്രംപ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ അവതരിപ്പിച്ചതോടെയാണ് ട്രംപുമായി ഇടഞ്ഞത്. തുടര്‍ന്ന് അമേരിക്കന്‍ കാര്യക്ഷമതാ വകുപ്പ് (DOGE) മേധാവി സ്ഥാനവും മസ്‌ക് രാജിവെച്ചു.
Content Highlight: Elon Musk is becoming a train wreck over the past weeks; Trump mocks Elon Musk about his new party announcement