തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ‘ഐ.പി.എസ് വെട്ടി’ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ ഐ.പി.എസ് പദവി ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
സര്‍വീസില്‍ നിന്നും വിരമിച്ച ശേഷവും ഐ.പി.എസ് പദവി പേരിനൊപ്പം ഉപയോഗിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഇതിന് പിന്നാലെ പ്രചാരണ പോസ്റ്ററുകളില്‍ ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന ഐ.പി.എസ് എന്നെഴുതിയത് കമ്മിഷന്‍ മായ്ച്ചു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളിലെ പോസ്റ്ററുകളില്‍ റിട്ടയേഡ് എന്ന് ചേര്‍ക്കുകയും ചെയ്തു.
കോര്‍പ്പറേഷനിലെ ശാസ്തമഗലം വാര്‍ഡില്‍ നിന്നാണ് ആര്‍. ശ്രീലേഖ ജനവിധി തേടുന്നത്. കോര്‍പ്പറേഷന്‍ മേയറായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് ശ്രീലേഖ.
പേരിനൊപ്പമുള്ള ഐ.പി.എസ് മായ്ച്ചിരിക്കുന്നു
ആര്‍. ശ്രീലേഖ പേരിനൊപ്പം ഐ.പി.എസ് പദവി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിവില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിക്ക്, വിരമിക്കലിന്/ രാജിക്ക് ശേഷം പേരിനൊപ്പം ഐ.എ.എസ്/ ഐ.പി.എസ്/ മറ്റ് സര്‍വീസ് പദവികള്‍ ഉപയോഗിക്കുന്നത് സര്‍വീസ് ചട്ടപ്രകാരം കുറ്റകരമാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള പോസ്റ്ററുകളിലും ഫ്ളെക്സുകളിലും ഐ.പി.എസ് എന്നും ചുവരെഴുത്തുകളില്‍ ഐ.പി.എസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ഓഫിസിന് മുന്നിലെ ബോര്‍ഡില്‍ ആര്‍. ശ്രീലേഖ എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്.
Content Highlight: Election Commission wants to remove the IPS rank attached to the name of former DGP R. Sreelekha