പാട്‌ന: ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് 3.66 ലക്ഷം ആളുകളെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയിലേത് വെട്ടിമാറ്റല്‍ അല്ലെന്നും ശുദ്ധീകരണമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. പാട്‌നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗ്യാനേഷ് കുമാറിന്റെ വിശദീകരണം.
22 വര്‍ഷത്തിന് ശേഷം വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അവകാശവാദം. 90,207 ബി.എല്‍.ഒമാരുടെ സഹായത്തോടെയാണ് വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതെന്നും രാജ്യവ്യാപകമായി ഇത്തരത്തില്‍ ശുദ്ധീകരണമുണ്ടാകുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി ബീഹാറില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അതേസമയം ആധാര്‍ പൗരത്വ രേഖയല്ലെന്നും കമ്മീഷന്‍ ആവര്‍ത്തിച്ചു.
‘1950ലെ ജനപ്രാതിനിധ്യ നിയമവും ആധാര്‍ നിയമവും പ്രകാരം ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവായി കണക്കാക്കാനാകില്ല,’ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ആധാര്‍ കാര്‍ഡിനെ പന്ത്രണ്ടാമത്തെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ആധാര്‍ പൗരത്വ രേഖയല്ലെന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറച്ചുനില്‍ക്കുന്നത്.
ജനനതീയതി, താമസസ്ഥലം, പൗരത്വം എന്നിവ തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡിനെ ഒരു തെളിവായി പരിഗണിക്കാനാവില്ലെന്ന് ഗ്യാനേഷ് കുമാര്‍ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗ്യാനേഷ് കുമാറിന്റെ ന്യായീകരണം.
പത്രസമ്മേളനത്തിന് ശേഷം 12 രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. ആറ് ദേശീയ പാര്‍ട്ടികളുടെയും ആറ് സംസ്ഥാന കക്ഷികളുടെയും പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടന്നത്.