ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി: ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി
ISREAL-PALESTINE
ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി: ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 8:58 pm

കെയ്റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടി.

ഗസയില്‍ നിന്നുള്ള ഇസ്രഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിലും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ മന്ത്രി പറഞ്ഞു. സ്ലോവേനിയന്‍ പ്രധാനമന്ത്രിയുമായുള്ള പത്രസമ്മേളനത്തിലാണ് അബ്ദലട്ടിയുടെ പരാമര്‍ശം.

ഗസയിലെ യുദ്ധവും പട്ടിണിയും അവസാനിപ്പിക്കുന്നതോടെ നിലവിലെ ചര്‍ച്ചകള്‍ക്ക് തിരശീല വീഴുമെന്നും അബ്ദലട്ടി പറഞ്ഞു. ഐക്യരാഷ്ട്രസഭ വഴി ഗസാ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നത് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഈജിപ്ഷ്യന്‍ മന്ത്രി പ്രതികരിച്ചു.

ദ്വിരാഷ്ട്ര പരിഹാരത്തില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈജിപ്ഷ്യന്‍ മന്ത്രി പറഞ്ഞു.

ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കിലാണ് ഇസ്രഈലിന്റെയും ഹമാസിന്റെയും പ്രതിയനിധികള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ചര്‍ച്ച. ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലെ 20 ഇന നിര്‍ദേശങ്ങളിലാണ് ഇരുസംഘവും ചര്‍ച്ച നടത്തുന്നത്. ബന്ദികൈമാറ്റം സംബന്ധിച്ച കാര്യങ്ങളിലാണ് നിലവില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.

സെപ്റ്റംബര്‍ 29നാണ് ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ പ്രത്യേകിച്ചും ഹമാസിനെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പതിയെ പിന്മാറുക, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.

അതേസമയം അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ടിട്ടും ഇസ്രഈല്‍ ഗസയിലെ അധിനിവേശം തുടരുകയാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യം വ്യാപകമായി റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 20,179 കുട്ടികളുള്‍പ്പെടെ 67,173 ഫലസ്തീനികളെയാണ് 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ കൊന്നൊടുക്കിയത്. ഇസ്രഈല്‍ ആക്രമണത്തില്‍ 160,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Egyptian Foreign Minister said Significant progress in Gaza ceasefire talks