അര്‍ജന്റീന ജയിക്കണമെന്ന് നേരത്തെ തീരുമാനിച്ചു: റഫറിയിങ്ങിനെതിരെ ഈജിപ്ഷ്യന്‍ താരം
FIFA World Cup 2026
അര്‍ജന്റീന ജയിക്കണമെന്ന് നേരത്തെ തീരുമാനിച്ചു: റഫറിയിങ്ങിനെതിരെ ഈജിപ്ഷ്യന്‍ താരം
സുദേവ് എ
Wednesday, 8th July 2026, 4:14 pm

2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് പരാജയപ്പെട്ടതിന് പിന്നാലെ മത്സരത്തിലെ റഫറിയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സരശേഷം പറഞ്ഞ്.

‘തീരുമാനം ഒട്ടും നീതിപൂര്‍വമായിരുന്നില്ല. ഇത് ഫുട്‌ബോളിലും അത്ര നല്ലതല്ല. ഒരു രാജ്യത്തിന്റെ മുഴുവന്‍ കഠിനാധ്വാനത്തെയാണ് റഫറി നിസാരമായി കണ്ടത്. അര്‍ജന്റീനക്കെതിരെ ഞങ്ങള്‍ 2-0ത്തിന് ജയിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. ഈ ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. അര്‍ജന്റീന ജയിക്കണമെന്ന് നേരത്തെ തീരുമാനിച്ചത് പോലെയാണ് കാര്യങ്ങള്‍ നടന്നത്. ഈജിപ്ഷ്യന്‍ ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവരെ സന്തോഷിപ്പിക്കണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു പക്ഷേ അതിന് സാധിച്ചില്ല,’ മുസ്തഫ സിക്കോ മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ നടന്ന രണ്ട് സംഭവവികാസങ്ങളാണ് ഈജിപ്തിന് തിരിച്ചടിയായത്. മത്സരത്തില്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍ റഫറി നല്‍കിയിരുന്നില്ല. ഗോള്‍ നേടുന്നതിന് മുമ്പായി 100 മീറ്റര്‍ അകലെ നിന്നും നടത്തിയ ഫൗളിന്റെ പേരിലാണ് റഫറി ഗോള്‍ നല്‍കാതിരുന്നത്. വാര്‍ പരിശോധിച്ചുകൊണ്ട് റഫറി ഗോള്‍ നല്‍കാതിരിക്കുകയായിരുന്നു.

പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സലയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി നല്‍കാതിരിക്കുകയും ചെയ്തു. സംഭവത്തില്‍ റഫറിയുടെ തീരുമാനം ഗോള്‍ കിക്കില്‍ അവസാനിച്ചെങ്കിലും ഈജിപ്ത് മാനേജ്മെന്റ് ഗ്രൗണ്ടിലിറങ്ങി വാദിക്കാന്‍ തുടങ്ങിയപ്പോള്‍ റഫറിക്ക് ചുവപ്പ് കാര്‍ഡ് പോലും പുറത്തെടുക്കേണ്ടി വന്നിരുന്നു.

അതേസമയം മത്സരത്തില്‍ 13ാം മിനിട്ടില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് യാസിര്‍ ഇബ്രാഹിമാണ് ആദ്യ ഗോള്‍ നേടിയത്. ഏഴ് മിനിട്ടുകള്‍ക്ക് ശേഷം മറുപടി ഗോള്‍ നേടാന്‍ അര്‍ജന്റീനക്ക് മികച്ച അവസരം ലഭിച്ചു.

എന്നാല്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടമാക്കുകയായിരുന്നു. പിന്നീട് 67ാം മിനിട്ടില്‍ മുസ്തഫ സീക്കോയുടെ ഗോളിലൂടെ ഈജിപ്ത് വീണ്ടും ലീഡ് നേടി.

മത്സരത്തിന്റെ 79ാം മിനിട്ടില്‍ ക്രിസ്ത്യന്‍ റൊമേറോയുടെ ഗോളിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ഒപ്പം പിടിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനക്ക് വേണ്ടി വിജയഗോള്‍ നേടുകയായിരുന്നു.

 

Content Highlight: Egypt’s Mustafa Zico criticizes refereeing in Argentina-Egypt match

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.