Administrator
Administrator
‘ഈ അടുത്ത കാലത്തെ’ ആര്‍.എസ്.എസ് കാഴ്ചകള്‍ വിമര്‍ശിക്കപ്പെടുന്നു
Administrator
Tuesday 13th March 2012 8:58pm

ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി തിരക്കഥയെഴുതി അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് സിനിമയില്‍ പാസിങ് വിഷ്വലുകളായി ആര്‍.എസ്.എസ് ശാഖാ പരിശീലനം കാണിച്ചതിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു. സിനിമയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷക വേഷത്തില്‍ അവതരിപ്പിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.

സിനിമയില്‍ രണ്ടിടങ്ങളിലാണ് പ്രധാനമായും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പരിശീലനം നടത്തുന്നത് കാണിക്കുന്നത്. പണം കൊടുക്കാനുള്ള പാല്‍ക്കാരന്‍ മമ്മൂട്ടിയില്‍ നിന്ന് വിഷ്ണു ഓടിയെത്തുന്നത് യൂണിഫോമില്‍ ശാഖാ പ്രവര്‍ത്തനം നടത്തുന്ന ആര്‍.എസ്.എസുകാര്‍ക്കിടയിലേക്കാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ട് മമ്മൂട്ടി ഭയക്കുമ്പോള്‍ വിഷ്ണു രക്ഷപ്പെടുന്നു.

പിന്നീട് ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെടാനായി വിഷ്ണു ഓടിയെത്തുന്നതും ആര്‍.എസ്.എസ് ശാഖാ പരിശീലനം നടത്തുന്ന സ്ഥലത്തേക്കാണ്. അവിടെയും വിഷ്ണുവിന്റെ രക്ഷകനാകുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. നേരത്തെ ഡൂള്‍ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ സിനിമയിലെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുരളി ഗോപി ഇങ്ങിനെയാണ് പറയുന്നത്: ‘പ്രത്യേകിച്ച് ഒരു ഉദ്ദേശത്തോടെ ചെയ്തല്ല ഇത്. ഈ കഥയില്‍ ഒരു അഗ്രഹാരത്തിന്റെ ബാക്ക്ഗ്രൗണ്ടുണ്ട്. സാധാരണ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സമീപവും നഗരത്തിന്റെ ഉള്‍ഭാഗങ്ങളിലുമൊക്കെ ഇത്തരം ക്യാമ്പുകള്‍ കാണാറുണ്ട്. അവരുടെ എക്‌സസൈസും പരേഡുമൊക്കെ നഗരങ്ങള്‍ക്കുള്ളിലെ കാഴ്ചകളാണ്. എന്നാല്‍ മിക്ക സിനിമയിലും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ട് ഒരു പാസിംഗ് വിഷ്വല്‍ എന്ന രീതിയില്‍ ഉപയോഗിച്ചെന്നേയുള്ളൂ. അല്ലാതെ ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല’.

എന്നാല്‍ ഡൂള്‍ന്യൂസിലെ ഈ അഭിമുഖ ഭാഗത്തെ ഉദ്ധരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ട്രൂകോപ്പി’യില്‍ ‘പാസിങ് വിഷ്വലുകള്‍ അത്ര പാസീവല്ല’ എന്ന തപി.കെ ശ്രീകുമാര്‍ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനത്തെ സിനിമയില്‍ തുടര്‍ച്ചയായി ദൃശ്യവത്കരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ട്രൂ കോപ്പി നടത്തുന്ന വിമര്‍ശനം ഇങ്ങിനെയാണ്: ക്വട്ടേഷന്‍ ഗുണ്ടകളെ ഭയപ്പെടുത്താന്‍ തക്ക കരുത്തുറ്റ ശരീരബലവും സംഘബലവുമുള്ള ആണ്‍കൂട്ടമാണ് ആര്‍.എസ്.എസ് എന്നും അത് രക്ഷാകര്‍തൃത്വ സഭാവമുള്ള, നീതി നടപ്പാക്കുന്ന കേഡര്‍ സംഘടനയാണ് എന്നും ഈ ദൃശ്യങ്ങള്‍ പറയുന്നു. കൃത്യമായും സിനിമയിലുടനീളം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സംഘപരിവാര ഹിന്ദുത്വ ഇമേജുകള്‍ ഈ ദൃശ്യങ്ങള്‍ പാസിങ് വിഷ്വലാണെന്നും ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല എന്ന നിലപാടിന്റെ അടിവേരറുക്കുന്നുണ്ട്.

വിഷ്ണുവിനോട് പൂണൂലില്‍തൊട്ട് ‘ ബ്രാഹ്മണനാണ് പറയുന്നത് നിനക്ക് നിധി കിട്ടും’ എന്ന് അഗ്രഹാരത്തിലെ ബ്രാഹ്മണ കഥാപാത്രം പറയുന്നതും ചിത്രത്തിന്റെ അവസാനം ബ്രാഹ്മണന്‍ പറഞ്ഞപോലെ നിധി കിട്ടിയെന്ന വിഷ്ണുവിന്റെ സമാശ്വസിപ്പിക്കലും പുറത്തുവിടുന്ന രാഷ്ട്രീയത്തെയും ട്രൂകോപ്പി ചോദ്യം ചെയ്യുന്നുണ്ട്.

‘സ്ത്രീ സിനിമയുടെ കാമ്പാണെന്ന് കാണിച്ചുകൊടുക്കാനുള്ള ശ്രമമാണ് ഈ സിനിമയെന്ന്’ ഡൂള്‍ന്യൂസ് അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞതിനെയും ട്രൂകോപ്പി ചോദ്യം ചെയ്യുന്നു. ഇതിനു വേണ്ടിയാണ് സിനിമയെങ്കില്‍ സ്ത്രീവിരുദ്ധമായ നിലപാടുകളില്‍ സിനിമ തറഞ്ഞുപോയതെന്തുകൊണ്ടാണെന്ന് പി.കെ ശ്രീകുമാര്‍ ചോദിക്കുന്നു. ശക്തമായ സ്ത്രീകഥാ പാത്രമായി രംഗത്തുവരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ രൂപ ഒരു മഞ്ഞപത്രത്തില്‍ വാര്‍ത്ത വരുന്നതോടെ തളരുന്നതും ഒടുവില്‍ സുഹൃത്ത് മാധുരിയെ വഞ്ചിക്കാന്‍ ശ്രമിക്കുന്നതും സ്ത്രീകളെ അവഹേളിക്കാനാണെന്നാണ് വിമര്‍ശനം. അടുത്ത കാലത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് വരുത്തുന്നുണ്ടെങ്കിലും സുപ്രധാന സംഭവങ്ങളെ വിസ്മരിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആശുപത്രിയുമായി ബന്ധപ്പെട്ട് സംഭവങ്ങള്‍ നടക്കുമ്പോള്‍ അടുത്ത കാലത്തായി നടക്കുന്ന നഴ്‌സിങ് സമരം സിനിമ വിട്ടുകളഞ്ഞു. വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രയാസത്തെക്കുറിച്ച് പറയുന്നില്ലെന്ന് മാത്രമല്ല, മാലിന്യ കേന്ദ്രത്തിനെതിരായി നടക്കുന്ന നാട്ടുകാരുടെ സമരത്തെ അവഹേളിക്കാനും സിനിമ സമയം കണ്ടെത്തുന്നുണ്ട്.

Malayalam news

Kerala news in English

Advertisement