വിദ്യാര്‍ത്ഥിനിക്ക് തട്ടം ധരിക്കാന്‍ ഭരണഘടന അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്; ഹരജി തീര്‍പ്പാക്കി ഹൈക്കോടതി
Kerala
വിദ്യാര്‍ത്ഥിനിക്ക് തട്ടം ധരിക്കാന്‍ ഭരണഘടന അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്; ഹരജി തീര്‍പ്പാക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2025, 2:09 pm

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദവുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കി ഹൈക്കോടതി. ഡി.ഡി.ഇ നോട്ടീസിനെതിരായുള്ള ഹരജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

സെന്റ് റീത്താസ് സ്‌കൂളില്‍ തുടര്‍ പഠനത്തിന് താത്പര്യമില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.

സംഘര്‍ഷം ഒഴിവാക്കാനായാണ് സ്‌കൂള്‍ മാറുന്നതെന്നും കുടുംബം അറിയിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. വിദ്യാര്‍ത്ഥിനിക്ക് തട്ടം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാമെന്ന ഡി.ഡി.ഇയുടെ ഉത്തരവ് കോടതി റദ്ദാക്കിയില്ല.

തട്ടം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പ്രവേശിക്കാന്‍ ഭരണഘടനാ അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിലപാട് അറിയിച്ചു. തട്ടം വിലക്കുന്നത് വിവേചനമാണ്. കുട്ടിയുടെ അവകാശ സംരക്ഷണത്തിന് സര്‍ക്കാരിന് ബാധ്യതയുണ്ട്.

മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുളള വിവേചനം പാടില്ലെന്നുമാണ് വിദ്യാഭ്യാസ അവകാശ നിയമമെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ നേരത്തെ കൈക്കൊണ്ട നിലപാട് തന്നെയാണ് കോടതിയില്‍ ആവര്‍ത്തിച്ചത്.

ഡി.ഡി.ഇ ഉത്തരവ് റദ്ദാക്കണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി നിരസിക്കുകയും ചെയ്തു. പ്രശ്‌നം സമാധാനപരമായി പരിഹരിച്ചുകൂടെയെന്നും മാനേജ്‌മെന്റിനോട് കോടതി ചോദിച്ചു.

ഭരണഘടനയുടെ അടിത്തറയായ മതസൗഹാര്‍ദ്ദം വിജയിക്കട്ടെ. ഫ്രറ്റേണിറ്റി എന്ന ഭരണഘടനാതത്വം ശക്തമായി അവശേഷിക്കുന്നുവെന്നും കേസ് തീര്‍പ്പാക്കിക്കൊണ്ട് കോടതി പരാമര്‍ശിച്ചു.

നേരത്തെ, ഡി.ഡി.ഇയുടെ നോട്ടീസിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന മാനേജ്‌മെന്റിന്റെ ഹരജി തള്ളിയ ഹൈക്കോടതി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് ആരാഞ്ഞിരുന്നു.

Content Highlight: Education Department says student has constitutional right to wear a head  scarf; High Court disposes of petition