ന്യൂദല്‍ഹി: രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ജനസംഖ്യാ വര്‍ധനവ് ഫലപ്രദമായി നിയന്ത്രിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കിയാല്‍ മതിയെന്ന് ഏറ്റവും പുതിയ നാഷണല്‍ ഹെല്‍ത്ത് ഡാറ്റ റിപ്പോര്‍ട്ട്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ കുറഞ്ഞത് 12 കൊല്ലമോ അതില്‍ കൂടുതലോ ശരിയായ വിദ്യാഭ്യാസം നേടിയാല്‍ കൗമാരകാലത്തെ ഗര്‍ഭധാരണം തടയാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ കുറഞ്ഞ ഇടവേളകളിലെ പ്രസവങ്ങളും, രണ്ടു കുട്ടികളില്‍ കൂടുതല്‍ പ്രസവിക്കുന്നതും ഇതുകാരണം കുറയ്ക്കാനാകും. ഇത് ജനസംഖ്യാ വര്‍ധനവിനെ ഫലപ്രദമായി പ്രതിരോധിക്കും. 12 വര്‍ഷമോ അതില്‍ കൂടുതലോ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ തങ്ങളുടെ ആദ്യ പ്രസവം നടത്തുന്ന ശരാശരി വയസ് 24.7 ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളില്‍ പോകാത്ത ഒരു പെണ്‍കുട്ടിയുടെ ആദ്യപ്രസവം നടക്കുന്ന ശരാശരി വയസ് 20 ആണ്. രാജ്യത്തെ ജനസംഖ്യയില്‍ 33.6 ശതമാനം, അതായത് മൂന്നില്‍ ഒരുഭാഗവും കൗമാരകാലത്തെ ഗര്‍ഭധാരണത്തിലൂടെയാണ് പ്രസവിക്കപ്പെട്ടത്. 2050 ഓടെ ഇന്ത്യയിലെ ജനസംഖ്യ 170 കോടിയെത്തുമെന്നാണ് കണക്കാക്കുന്നത്. പെണ്‍കുട്ടികളുടെ ആദ്യപ്രസവം വൈകിക്കുന്നതിലൂടെ ഇതില്‍ നാലിലൊരുഭാഗം കുറയ്ക്കാന്‍ കഴിയും.
രാജ്യത്ത് 12 വര്‍ഷത്തിലേറെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണം 2.01 ആണ്. രാജ്യത്തെ മൊത്തം സ്ത്രീകള്‍ക്ക് ഇത് 3.82 ആണെങ്കില്‍ വിദ്യാഭ്യാസം ഇല്ലാത്ത 3.82 ആണ്. ആദ്യപ്രസവം വൈകിക്കുന്നതും, പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതും നിരവധി രാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിന് സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാഭ്യാസമാണ് ഏറ്റവും മികച്ച ഗര്‍ഭനിരോധന ഗുളികയെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പൂനം മത്രെജ പറയുന്നു. ആഗോളതലത്തില്‍ ഇതിന് തെളിവുകള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ജനസംഖ്യാനിയന്ത്രണത്തിന് സഹായകമാണെന്നതിന് ഇപ്പോള്‍ ദേശീയതലത്തിലും ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഗ്രാഫുകള്‍:


